(HRPM) ൻ്റെ ഔദ്യോഗിക നന്ദി പ്രകടനവും ഭാവി പ്രവർത്തന പ്രഖ്യാപനവും 2026 :

മനുഷ്യാവകാശ സംരക്ഷണ പ്രസ്ഥാനം (HRPM) ചെയർമാന്റെ ഔദ്യോഗിക സന്ദേശം

പ്രിയ സുഹൃത്തുക്കളേ സഹോദരങ്ങളേ, സഹപ്രവർത്തകരേ.

കഴിഞ്ഞ ഒക്ടോബർ 18-ന് തൃശ്ശൂർ ജവഹർ ബാലഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് HRPM-ന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച “നീതിയും മനുഷ്യാവകാശവും ജനകീയ സംഗമം 2026” എന്ന ക്യാമ്പയിൻ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതിലുള്ള സന്തോഷവും കൃതജ്ഞതയും നിങ്ങളുമായി പങ്കുവെക്കുകയാണ്.

ഈ ക്യാമ്പയിൻ കേവലം ഒരു സമ്മേളനമായിരുന്നില്ല. നീതി നിഷേധിക്കപ്പെടുന്ന സാധാരണക്കാരുടെ ശബ്ദമാകാനും, മനുഷ്യാവകാശ സംരക്ഷണത്തിനായി കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾക്ക് അടിത്തറയിടാനും വരും വർഷങ്ങളിലെ സംഘടനയുടെ ദിശയും നേതൃത്വവും നിർണയിക്കാനുമുള്ള നിർണായകമായ ഒരു ചുവടുവെപ്പായിരുന്നു ഇത്.

ആഭ്യന്തരമന്ത്രിയുടെ അസാന്നിധ്യം സംബന്ധിച്ച്

ക്യാമ്പയിനിലേക്ക് ക്ഷണിക്കപ്പെട്ട അതിഥികളിൽ ബഹുമാനപ്പെട്ട കേരള ആഭ്യന്തരമന്ത്രി ശ്രീ. രമേശ് ചെന്നിത്തല അവർകളും പങ്കെടുക്കാമെന്ന് അറിയിച്ചിരുന്നുവെങ്കിലും അന്നേദിവസം അദ്ദേഹത്തിന് പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചില്ല. അദ്ദേഹത്തിന്റെ അസാന്നിധ്യത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വ്യക്തത ലഭിക്കേണ്ടതുണ്ടെന്ന് ഞങ്ങൾ കരുതുന്നു.

മന്ത്രിമാരുടെ ഇത്തരം ഔദ്യോഗിക പരിപാടികളിലെ പങ്കാളിത്തത്തിൽ ബന്ധപ്പെട്ട സുരക്ഷാ വിലയിരുത്തലുകൾക്കും പോലീസ് റിപ്പോർട്ടുകൾക്കും പങ്കുണ്ടാകാമെന്ന പൊതുവായ ധാരണയുടെ അടിസ്ഥാനത്തിൽ അന്നത്തെ സാഹചര്യങ്ങളും ബന്ധപ്പെട്ട റിപ്പോർട്ടുകളും സംബന്ധിച്ച് വസ്തുതകൾ മനസ്സിലാക്കേണ്ടതുണ്ട്.

എന്നാൽ കൃത്യമായ ഔദ്യോഗിക വിവരങ്ങൾ ലഭിക്കാതെ അദ്ദേഹത്തിന്റെ അസാന്നിധ്യത്തിന്റെ കാരണം ഏതെങ്കിലും പ്രത്യേക റിപ്പോർട്ടാണെന്ന് ഉറപ്പിച്ചുപറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.

HRPM നീതിയിലും മനുഷ്യാവകാശ സംരക്ഷണത്തിലും ജനാധിപത്യ മൂല്യങ്ങളിലും വിശ്വസിക്കുന്ന പ്രസ്ഥാനമാണ്. പരിപാടിയിൽ മന്ത്രിയുടെ പങ്കാളിത്തം ഏതെങ്കിലും സുരക്ഷാപരമായോ മറ്റ് ഗൗരവകരമായോ ആശങ്കകൾക്ക് ഇടയാക്കുമെന്ന ഔദ്യോഗിക വിലയിരുത്തൽ ഉണ്ടായിരുന്നുവെങ്കിൽ അത്തരം സാഹചര്യങ്ങളെ മാനിക്കുന്നതിൽ ഞങ്ങൾക്ക് യാതൊരു മടിയുമില്ല.

വ്യക്തികളേക്കാളും പദവികളേക്കാളും പ്രധാനം പൊതുസുരക്ഷയും ജനാധിപത്യ മര്യാദകളുമാണെന്ന നിലപാടിലാണ് ഞങ്ങൾ ഉറച്ചുനിൽക്കുന്നത്.

അതേസമയം, ക്ഷണിക്കപ്പെട്ട മറ്റ് അതിഥികളുടെ സാന്നിധ്യത്തിലും സംഘടനാ പ്രവർത്തകരുടെ കൂട്ടായ പരിശ്രമത്തിലും ക്യാമ്പയിന്റെ മറ്റ് പരിപാടികൾ മികച്ച രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്.

ക്യാമ്പയിൻ വിജയിപ്പിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി

ഈ സംഗമത്തിലേക്ക് ക്ഷണിക്കപ്പെട്ട് എത്തിച്ചേർന്ന മുഴുവൻ വിശിഷ്ടാതിഥികൾക്കും സാമൂഹിക പ്രവർത്തകർക്കും അഭ്യുദയകാംക്ഷികൾക്കും സഹകരിച്ച ഓരോ വ്യക്തിക്കും HRPM-ന്റെ പേരിൽ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

നിങ്ങളുടെ സാന്നിധ്യവും പിന്തുണയും സഹകരണവും ഈ ക്യാമ്പയിന്റെ വിജയത്തിന് വലിയ കരുത്തായി. സംഘടനയോടുള്ള നിങ്ങളുടെ വിശ്വാസവും മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള നിങ്ങളുടെ പ്രതിബദ്ധതയും ഞങ്ങൾ എന്നും ആദരവോടെ സ്മരിക്കും.

ഈ അവസരത്തിൽ ക്യാമ്പയിന്റെ വിജയത്തിനായി രാവും പകലും വ്യത്യാസമില്ലാതെ പ്രവർത്തിച്ച സംഘടനയുടെ നേതാക്കളെയും പ്രവർത്തകരെയും പ്രത്യേകമായി അഭിനന്ദിക്കുന്നു.

സ്വന്തം സമയവും അധ്വാനവും വ്യക്തിപരമായ സാമ്പത്തിക വിഭവങ്ങളും വിനിയോഗിച്ച് ദിവസങ്ങളോളം ആത്മാർത്ഥമായി പ്രവർത്തിച്ച അവരുടെ സമർപ്പണം പ്രത്യേകം എടുത്തുപറയേണ്ടതാണ്.

പ്രതിസന്ധികളും പരിമിതികളും മറികടന്ന് ലക്ഷ്യബോധത്തോടെ പ്രവർത്തിച്ച ഓരോ നേതാവിന്റെയും പ്രവർത്തനഫലമാണ് ഈ ക്യാമ്പയിനിലൂടെ കൈവരിക്കാൻ കഴിഞ്ഞ നേട്ടങ്ങൾ. അതോടൊപ്പം സംഘടനയോടൊപ്പം സത്യസന്ധമായും ആത്മാർത്ഥമായും നിലകൊണ്ട മുഴുവൻ അംഗങ്ങൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.

ഈ വിജയത്തിന്റെ യഥാർത്ഥ അവകാശികൾ ഒരുമിച്ച് പ്രവർത്തിച്ച നിങ്ങളോരോരുത്തരുമാണ്.

അടുത്ത മൂന്ന് വർഷത്തേക്കുള്ള ദൗത്യം: നീതിക്കായി ശക്തമായ നേതൃത്വം

HRPM-ന്റെ മുന്നിലുള്ള അടുത്ത മൂന്ന് വർഷം സംഘടനയുടെ ചരിത്രത്തിൽ നിർണായകമായ ഒരു കാലഘട്ടമായിരിക്കും. നീതി നിഷേധിക്കപ്പെടുന്ന സാധാരണക്കാർക്ക് നിയമപരമായി അർഹമായ അവകാശങ്ങളും ആനുകൂല്യങ്ങളും വീണ്ടെടുക്കാൻ സഹായിക്കുക മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ജനാധിപത്യപരമായും നിയമാനുസൃതമായും പോരാടുക അവഗണിക്കപ്പെടുന്നവരുടെ ശബ്ദമായി മാറുക എന്നിവയാണ് നമ്മുടെ പ്രധാന ദൗത്യങ്ങൾ.

ഈ ലക്ഷ്യങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ സംഘടനയ്ക്ക് ആവശ്യമുള്ളത് പേരിലോ പദവിയിലോ മാത്രം ഒതുങ്ങുന്ന നേതൃത്വം അല്ല: മറിച്ച് അറിവും പക്വതയും തന്റേടവും ഉത്തരവാദിത്വബോധവും പ്രവർത്തനക്ഷമതയുമുള്ള ഊർജസ്വലമായ കേഡർ നേതൃത്വമാണ്.

നീതിക്കായി കാത്തിരിക്കുന്ന മനുഷ്യരിലേക്ക് സമയോചിതമായി എത്തിച്ചേരാനും, അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും, നിയമപരമായ മാർഗങ്ങളിലൂടെ പരിഹാരത്തിനായി ഇടപെടാനും, സംഘടനയുടെ ലക്ഷ്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും കഴിവുള്ള നേതൃത്വമാണ് നമുക്ക് വേണ്ടത്.

ഈ ദൗത്യത്തിന്റെ ഭാഗമായാണ് “നീതിയും മനുഷ്യാവകാശവും ജനകീയ സംഗമം 2026”-ലൂടെ അടുത്ത മൂന്ന് വർഷത്തേക്കുള്ള സംഘടനാ നേതൃത്വത്തെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്.

തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് സംഘടനയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശയും ഊർജവും നൽകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.

2026 ഡിസംബർ 10-ന് ലോക മനുഷ്യാവകാശ ദിനത്തിൽ, തിരഞ്ഞെടുക്കപ്പെട്ട ഓരോ അംഗവും സത്യപ്രതിജ്ഞ ചെയ്ത് തങ്ങളുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് പ്രവർത്തനം ആരംഭിക്കുകയാണ്.

മനുഷ്യാവകാശ സംരക്ഷണത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് അർപ്പണബോധത്തോടെയും സത്യസന്ധതയോടെയും പ്രവർത്തിക്കേണ്ടത് ഓരോരുത്തരുടെയും കടമയായിരിക്കും.

ഇത് പദവികൾ ഏറ്റെടുക്കുന്നതിന്റെ തുടക്കം മാത്രമല്ല : നീതി നിഷേധിക്കപ്പെടുന്നവർക്കൊപ്പം ഉറച്ചുനിൽക്കാനുള്ള പ്രതിജ്ഞയുടെ തുടക്കം കൂടിയാണ്.

നിങ്ങളുടെ സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു.

നാളിതുവരെ HRPM-നോട് സഹകരിക്കുകയും സംഘടനയുടെ പ്രവർത്തനങ്ങളിലൂടെ ലഭ്യമായ സേവനങ്ങളും ആനുകൂല്യങ്ങളും പ്രയോജനപ്പെടുത്തുകയും ചെയ്ത എല്ലാവരോടും ഞങ്ങൾ നന്ദിയും കടപ്പാടും അറിയിക്കുന്നു.

സംഘടനയുടെ വളർച്ചയിലും പ്രവർത്തനങ്ങളിലും നിങ്ങളുടെ പങ്കാളിത്തം തുടർന്നും ഉണ്ടാകണമെന്ന് സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു. വിമർശനങ്ങളും നിർദേശങ്ങളും സഹകരണവും ഉത്തരവാദിത്വപൂർവമായ ഇടപെടലുകളും സ്വീകരിച്ചുകൊണ്ട് കൂടുതൽ സുതാര്യവും ജനകീയവും കാര്യക്ഷമവുമായ ഒരു മനുഷ്യാവകാശ പ്രസ്ഥാനമായി HRPM-നെ വളർത്തിയെടുക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

നീതി നിഷേധിക്കപ്പെടുന്നവർക്കായി ശബ്ദമുയർത്താനും നിയമപരമായ അവകാശങ്ങൾ വീണ്ടെടുക്കാൻ കൈത്താങ്ങാകാനും മനുഷ്യന്റെ അന്തസ്സും സ്വാതന്ത്ര്യവും സംരക്ഷിക്കാനും നമുക്ക് ഒരുമിച്ച് മുന്നേറാം.

കഴിഞ്ഞ മൂന്ന് വർഷക്കാലയളവിൽ HRPM നടത്തിയ പ്രവർത്തനങ്ങളും ഇടപെടലുകളും വിലയിരുത്തുമ്പോൾ സംഘടന കൈവരിച്ച നിരവധി നേട്ടങ്ങൾ എടുത്തുപറയേണ്ടതുണ്ട്. എന്നാൽ ചില കുടുംബങ്ങളുടെ സ്വകാര്യതയും അന്തസ്സും മാനിച്ചുകൊണ്ട് എല്ലാ സംഭവങ്ങളുടെയും വിശദാംശങ്ങൾ പരസ്യമായി വെളിപ്പെടുത്താൻ കഴിയാത്ത സാഹചര്യവുമുണ്ട്.

വേദനിക്കുന്നവന്റെ കണ്ണീരൊപ്പാനും ഒറ്റപ്പെട്ടുപോയവന് താങ്ങാകാനും നീതി നിഷേധിക്കപ്പെടുന്നവർക്കൊപ്പം ഉറച്ചുനിൽക്കാനുമാണ് HRPM നിലകൊണ്ടിട്ടുള്ളത്.
ആ നിലപാടിന്റെ ഭാഗമായി സംഘടന ഇടപെട്ട ചില അനുഭവങ്ങൾ ഇവിടെ പരാമർശിക്കുകയാണ്.

വെണ്ടൂർ കനാൽ പ്രദേശത്ത് ഒരു കുടുംബം അതിക്രൂരമായ അതിക്രമങ്ങളും അപവാദപ്രചാരണങ്ങളും നേരിടുകയും അവരുടെ കുടുംബജീവിതം തകർച്ചയുടെ വക്കിലെത്തുകയും ചെയ്ത ഒരു ഘട്ടത്തിലാണ് അവർ HRPM-ന്റെ സഹായം തേടിയെത്തിയത്.

വീട്ടിനുള്ളിൽപ്പോലും വഴക്കും സംഘർഷങ്ങളും നിലനിന്നിരുന്നുവെന്നും കുടുംബത്തെ സന്ദർശിക്കാനെത്തുന്ന ബന്ധുക്കൾക്കുപോലും ആക്രമണം നേരിടേണ്ടിവരുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും അന്ന് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.

ആ കുടുംബത്തിന്റെ ദുരവസ്ഥയിൽ സംഘടന ശക്തമായി ഇടപെട്ടു. തുടർന്ന് കുടുംബത്തിന് ജീവിതത്തിൽ മനസ്സമാധാനവും ധൈര്യത്തോടെ ജീവിക്കാനുള്ള ധൈര്യം  കൈവരിക്കാനും മെച്ചപ്പെട്ട സാഹചര്യം സൃഷ്ടിക്കാനും കഴിഞ്ഞതായി ഞങ്ങൾ വിലയിരുത്തുന്നു.

എന്നാൽ പിന്നീട് ചിലർ ഈ ഇടപെടലിന്റെ നേട്ടങ്ങൾക്ക് തങ്ങളുടെ പേരിൽ അവകാശവാദം ഉന്നയിക്കാൻ ശ്രമിച്ചതായുള്ള അനുഭവങ്ങളും കുടുംബം സംഘടനയിൽനിന്ന് അകന്നുനിൽക്കുന്ന സാഹചര്യവും ഞങ്ങൾക്ക് വേദനയുണ്ടാക്കി.

എങ്കിലും ഒരു കുടുംബം അകന്നുനിൽക്കുന്നു എന്നതുകൊണ്ട് ഞങ്ങളുടെ സേവനത്തിന്റെ മൂല്യം കുറയുന്നില്ല. സഹായം നൽകിയത് അംഗീകാരത്തിനോ പ്രശസ്തിക്കോ പ്രതിഫലത്തിനോ വേണ്ടിയായിരുന്നില്ല.

ദുരിതത്തിലായ മനുഷ്യർക്ക് ആശ്വാസം ലഭിക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു അത്. അതിനാൽ, ആരോടും പരാതിയോ വിരോധമോ പുലർത്താതെ ചെയ്ത സേവനത്തിന്റെ ആത്മാർഥതയിൽ വിശ്വസിച്ചുകൊണ്ട് ഞങ്ങൾ മുന്നോട്ടുപോകുന്നു.
നന്മ ചെയ്യുക എന്നതാണ് നമ്മുടെ കടമ അതിന് അംഗീകാരം ലഭിക്കുക എന്നത് നമ്മുടെ നിബന്ധനയല്ല.

അതുപോലെതന്നെ വല്ലൂർ മരട്ടിച്ചാൽ പ്രദേശത്ത് ഒരു ദളിത് കുടുംബം ആക്രമണങ്ങളും അപവാദങ്ങളും മൂലം കടുത്ത മാനസികവും സാമൂഹികവുമായ പ്രതിസന്ധി നേരിട്ട ഘട്ടത്തിലും HRPM ഇടപെടുകയുണ്ടായി. ആ കുടുംബം അതീവ നിരാശാജനകമായ അവസ്ഥയിലെത്തിയപ്പോഴാണ് സംഘടനയുടെ ശ്രദ്ധയിൽ വിഷയം വന്നത്. തുടർന്ന് നടത്തിയ ഇടപെടലുകൾക്കുശേഷം കുടുംബത്തിന് കൂടുതൽ സമാധാനത്തോടെ മുന്നോട്ടുപോകാൻ സാഹചര്യമൊരുങ്ങിയതായി ഞങ്ങൾ മനസ്സിലാക്കുന്നു.
ഈ രണ്ടു വിഷയങ്ങളിലും പ്രതികൾക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണ ഘട്ടത്തിലാണ്.
സമൂഹത്തിൽ ദുർബലരാക്കപ്പെടുന്നവർക്കും ഒറ്റപ്പെടുത്തപ്പെടുന്നവർക്കും ജാതിയുടെയോ സാമ്പത്തിക സ്ഥിതിയുടെയോ സാമൂഹിക സ്വാധീനത്തിന്റെയോ പേരിൽ നീതി നിഷേധിക്കപ്പെടരുത് എന്നതാണ് HRPM-ന്റെ നിലപാട്. അതുകൊണ്ടുതന്നെ ഇത്തരം കുടുംബങ്ങൾക്ക് കൈത്താങ്ങാകുന്നത് ഒരു ഔദാര്യമായല്ല മറിച്ച് മനുഷ്യാവകാശ സംരക്ഷണത്തിന്റെ ഭാഗമായാണ് ഞങ്ങൾ കാണുന്നത്.

മറ്റൊരു സംഭവത്തിൽ സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട പരാതിയുമായി ഒരു നിർധന കുടുംബം സംഘടനയെ സമീപിച്ചു. ലഭ്യമായ വിവരങ്ങൾ പരിശോധിച്ച് വിഷയത്തിൽ ഇടപെട്ടതിന്റെ പേരിൽ സംഘടനയ്ക്ക് നേരെ കടുത്ത എതിർപ്പുകളും സംഘർഷാവസ്ഥകളും ഉണ്ടായതായി ഞങ്ങൾ അനുഭവിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് ചില സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതായി സംഘടനയ്ക്ക് ബോധ്യപ്പെട്ട വ്യക്തികൾക്കെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ ഇന്നും സംഘടനയിലെ ചില നേതാക്കൾ വിമർശനങ്ങളും സമ്മർദങ്ങളും നേരിടുന്നുണ്ട്.

എന്നാൽ എതിർപ്പുകളും സമ്മർദങ്ങളും കാരണം നീതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽനിന്ന് പിന്നോട്ടുപോകാൻ HRPM തയ്യാറല്ല. വ്യക്തികളുടെ സ്വാധീനമോ ഭീഷണിയോ വിമർശനങ്ങളോ നോക്കിയല്ല ലഭ്യമായ വസ്തുതകളും നിയമപരമായ മാർഗങ്ങളും മുൻനിർത്തിയാണ് ഞങ്ങൾ നിലപാടുകൾ സ്വീകരിക്കുന്നത്.

ഇവിടെ പരാമർശിച്ച സംഭവങ്ങൾ ഏതാനും ഉദാഹരണങ്ങൾ മാത്രമാണ്. കഴിഞ്ഞ മൂന്ന് വർഷക്കാലയളവിൽ സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടാനും മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ശബ്ദമുയർത്താനും ദുരിതത്തിലായവർക്ക് നിയമപരമായ സഹായത്തിനും പരിഹാരത്തിനും വഴിയൊരുക്കാനും സംഘടനയ്ക്ക് സാധിച്ച നിരവധി അനുഭവങ്ങളുണ്ട്.
എല്ലാ സംഭവങ്ങളുടെയും വിശദാംശങ്ങൾ പരസ്യപ്പെടുത്താൻ കഴിയാത്തതുകൊണ്ട് അവയുടെ പ്രാധാന്യം ഇല്ലാതാകുന്നില്ല.

ഈ സാഹചര്യത്തിലാണ് നീതിയും മനുഷ്യാവകാശവും ജനകീയ സംഗമം 2026 പ്രസക്തമാകുന്നത്.

നീതിക്കുവേണ്ടിയുള്ള നമ്മുടെ യാത്ര ഇവിടെ അവസാനിക്കുന്നില്ല :  കൂടുതൽ ഉത്തരവാദിത്വത്തോടെയും കരുത്തോടെയും അത് തുടരുകയാണ്.

ഈ മഹത്തായ ദൗത്യത്തിൽ ഒപ്പം നിന്ന ഓരോരുത്തർക്കും ഒരിക്കൽക്കൂടി
കൂപ്പുകൈകളോടെ എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു കൊള്ളുന്നു .

സ്നേഹാദരങ്ങളോടെ .

ജോൺസൺ പുല്ലുത്തി ചെയർമാൻ Humanistic Rights Protection Movement (HRPM) നീതി • മനുഷ്യാവകാശം • സമത്വം • മാനവികത

One Response

  1. നമസ്കാരം🙏 നമ്മുടെ 2026 ഒക്ടോബർ 18 – ന് നടത്തിയ സംസ്ഥാന സമ്മേളനം ലോകമെമ്പാടും അറിയുകയും HRpm ലോകരെ അറിയിക്കുകയും ചെയ്യാൻ കഴിഞ്ഞ ഏറ്റവും മഹത്തായ ഒരു അതിഗംഭീര സംസ്ഥാന സമ്മേളനം തന്നെ ആയിരുന്നു. അങ്ങനെ ആക്കുവാൻ വേണ്ടി രാപ്പകൽ ഇല്ലാതെ കഷ്ടപ്പെട്ട നാംഓരോരുത്തരുടേയുംപരിശ്രമത്തിന്റെ യും കഷ്ടപ്പാടിന്റെയും വിലമതിക്കാനാകാത്ത ഒരുമയുള്ള ഹൃദയത്തിന്റെയും റെക്കാർഡ് വിജയം തന്നെ ആയിരുന്നു 2026 ഒക്ടോബർ 18 നു നടത്തിയ HRPM സംസ്ഥാന സമ്മേളനം👍👏🌹
    HRpmന്റെ കൊടികൾ പാറിപ്പറക്കട്ടെ👍
    ആകാശം മുട്ടുവോളം ഉയരങ്ങളിൽ പറക്കട്ടെ👍
    സംസ്ഥാന ചെയർമാൻ ബഹു: ജോൺസൺ പുല്ലുത്തിസ്ഥാപക നേതാവും ചെയർമാനുംകൂടിയായസാറിന്റെ ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ👍 👍. HRPM സംഘടന ഭരണഘടന അനുസരിച്ച് ഒരു രാജ്യത്തെ ജനങ്ങളെ വ്യത്യസ്തങ്ങളായ സ്വഭാവ ക്കാരെ ഒത്തൊരുമിപ്പിച്ച് ഒരു മനസാലെ ചേർത്ത് പിടിച്ച് 2017 മുതൽ 2026 ഒക്ടോബർ 18 നുനടന്ന സംസ്ഥാന സമ്മേളനത്തിന്റെ വിജയാഹ്ള ദങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളെ സന്തോഷത്തിന്റെ തിരമാലകൾ ആക്കി മാറ്റുവാനും ഇന്നും ഇപ്പോഴും ഇനിയുള്ള കാലങ്ങളിലും ചെയർമാൻ സാറിന്റെ ഈ നല്ല മനസിനും പ്രവർത്തിക്കും ദൈവത്തിൻന്റെമുൻപിൽ സാഷ്ടാംഗം നമസ്ക്കരിക്കുന്നു. അദ്ദേഹത്തിന് 100 വർഷത്തിനു മേൽ ആയുരാരോഗ്യവും ആയുസും നൽകാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു.
    സമ്മേളന വിജയത്തിനായി പ്രവർത്തിച്ച എല്ലാ മാന്യ വ്യക്തികൾക്കും എന്റെയും HRPM യും അഭിനന്ദനങ്ങളും വിജയാശംസകളും കഷ്ടപ്പെട്ട ഓരോ സഹപ്രവർത്തകർക്കും നന്ദിയും കടപ്പാടും അറിയിച്ചു കൊള്ളുന്നു.🙏 നീതിനിഷേധിക്കപ്പെടുന്ന ഇടങ്ങളിൽ നീതിക്കായ് നമ്മൾ ഒത്തൊരുമിച്ച് മുന്നോട്ട്
    മുന്നോട്ട് മുന്നോട്ട്
    HRpm മുന്നോട്ട്👍👍👍🙏🙏

Leave a Reply

Your email address will not be published. Required fields are marked *