കൂടുതൽ അറിയാൻ

എത്രയും സ്നേഹം നിറഞ്ഞ എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകരേ സഹോദരങ്ങളേ

നിങ്ങൾ ഓരോരുത്തർക്കും എന്റെ ഹൃദയം നിറഞ്ഞ സ്നേഹവന്ദനം.

HRPM എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മനുഷ്യവകാശ സംഘടന എന്താണെന്ന് കൃത്യമായി അറിയാൻ ആഗ്രഹിക്കുന്നവർ പൂർണമായും വായിക്കുക:

പ്രിയരേ .

നമ്മുടെ . (നീതിയും മനുഷ്യാവകാശവും ജനകീയ സംഗമം 2026 )എന്ന സുപ്രധാന പരിപാടിക്ക് ഇനി രണ്ടു ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഈ നിർണായക ഘട്ടത്തിൽ സംഘടനയുടെ ചെയർമാൻ എന്ന നിലയിൽ എന്റെ മനസ്സിലുള്ള ചില കാര്യങ്ങൾ നിങ്ങളോട് തുറന്നുപറയേണ്ടത് എന്റെ ഉത്തരവാദിത്വമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

ഇത് ആരെയെങ്കിലും വ്യക്തിപരമായി വേദനിപ്പിക്കാനോ അപമാനിക്കാനോ വേണ്ടിയുള്ള സന്ദേശമല്ല. മറിച്ച് നമ്മുടെ പ്രസ്ഥാനത്തിന്റെ യഥാർത്ഥ ലക്ഷ്യവും പ്രവർത്തനശൈലിയും നേരിട്ട പ്രതിസന്ധികളും ഭാവിയിൽ നാം സ്വീകരിക്കേണ്ട നിലപാടുകളും ഓരോ അംഗവും വ്യക്തമായി മനസ്സിലാക്കണമെന്ന ആത്മാർത്ഥമായ ആഗ്രഹത്തിൽനിന്നാണ് ഞാൻ ഈ വാക്കുകൾ കുറിക്കുന്നത്.

കേരളത്തിൽ വ്യത്യസ്തമായ പ്രവർത്തനശൈലിയും ഉറച്ച നിലപാടുകളും സ്വീകരിച്ച് നീതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി മുന്നോട്ടുപോകുന്ന ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാണ് നമ്മൾ.

അംഗങ്ങൾ എന്ന നിലയിൽ നമുക്ക് അഭിമാനിക്കാനുള്ള ഒരു സുവർണ്ണാവസരമാണ് ഈ സമ്മേളനത്തിലൂടെ കൈവന്നിരിക്കുന്നത്. അതിന് അർഹതയുള്ള പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിന്റെ ഫലമാണ് ഇന്ന് നമ്മുടെ ഓരോ പ്രവർത്തകനും അനുഭവിക്കുന്ന ഈ അംഗീകാരവും ആത്മവിശ്വാസവും.

അഴിമതിക്കും തട്ടിപ്പിനും വ്യക്തിതാൽപര്യങ്ങൾക്കുമപ്പുറും  സാധാരണക്കാരന്റെ പ്രശ്നങ്ങളിൽ ആത്മാർത്ഥമായി ഇടപെടുക എന്നതാണ് നമ്മുടെ പ്രവർത്തനത്തിന്റെ അടിത്തറ.

നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെടുന്ന മനുഷ്യരുടെ കൂടെ നിൽക്കുക, അവരുടെ വേദനകൾ മനസ്സിലാക്കുക, അവരുടെ പ്രശ്നങ്ങളെ സ്വന്തം പ്രശ്നങ്ങളായി ഏറ്റെടുക്കുക, നഷ്ടപ്പെട്ട നീതി വീണ്ടെടുക്കാൻ ആവശ്യമായ നിയമപരമായ ഇടപെടലുകൾ നടത്തുക  ഇതെല്ലാമാണ് നമ്മുടെ പ്രസ്ഥാനത്തിന്റെ പ്രവർത്തനലക്ഷ്യങ്ങൾ.

നീതിക്കുവേണ്ടി ഇറങ്ങിത്തിരിക്കുന്ന ഒരാൾക്ക് ഏറ്റവും വലിയ അംഗീകാരം ലഭിക്കുന്നത് അധികാരത്തിൽനിന്നോ സമ്പത്തിൽനിന്നോ അല്ല : നീതി നിഷേധിക്കപ്പെട്ട ഒരു മനുഷ്യന്റെ ജീവിതത്തിൽ പ്രതീക്ഷ തിരികെ കൊണ്ടുവരാൻ കഴിയുമ്പോഴാണ് യാഥാർത്ഥ്യം നാം മനസ്സിലാക്കി വേണം മുന്നോട്ടു പോകാൻ .

അത്തരമൊരു ലക്ഷ്യത്തോടെയാണ് നാം മുന്നോട്ടുപോകുന്നത്.

നമ്മുടെ പ്രവർത്തനം വ്യക്തികളുടെയോ പ്രാദേശിക പ്രശ്നങ്ങളുടെയോ പരിധിയിൽ ഒതുങ്ങുന്നതല്ല.
രാജ്യത്ത് ഉണ്ടാകുന്ന സുപ്രധാന വിഷയങ്ങളിൽ ഇടപെടേണ്ട സാഹചര്യം വരുമ്പോൾ ആരുടെയും മുഖം നോക്കാതെയും ആരുടെയും പക്ഷം പിടിക്കാതെയും സംഘടനയുടെ കാഴ്ചപ്പാടും നയവും പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാൻ നാം ശ്രമിച്ചിട്ടുണ്ട്.

പോലീസ് ഉദ്യോഗസ്ഥർ ഭരണാധികാരികൾ സർക്കാർ സംവിധാനങ്ങൾ എന്നിവർക്കു മുന്നിൽ നിയമപരമായ കത്തിടപാടുകൾ നടത്തുകയും നീതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.

അന്തർദേശീയ തലത്തിൽ യുദ്ധങ്ങളുടെയും വിവാദപരമായ സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടാകുമ്പോൾ അവ ചൂണ്ടിക്കാട്ടി രാജ്യത്തലവന്മാർക്ക് കത്തുകൾ അയയ്ക്കുന്നതുൾപ്പെടെയുള്ള സാമൂഹിക ഇടപെടലുകളും നമ്മുടെ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുണ്ട്.

ഇത്തരം പ്രവർത്തനങ്ങളുടെ യഥാർത്ഥ വ്യാപ്തിയും പ്രാധാന്യവും ഏറ്റവും നന്നായി തിരിച്ചറിയുന്നത് ഭരണകൂടത്തിനും പോലീസിനും ഉദ്യോഗസ്ഥ സംവിധാനങ്ങൾക്കും മുന്നിൽ നേരിട്ട് പ്രവർത്തിച്ചിട്ടുള്ളവർക്കാണ്.

ആ അനുഭവങ്ങളിലൂടെ ലഭിച്ച തിരിച്ചറിവിന്റെയും ആത്മവിശ്വാസത്തിന്റെയും ഗുണഫലങ്ങൾ അനുഭവിച്ചിട്ടുള്ളവരാണ് നമ്മുടെ പല നേതാക്കളും.

എന്നാൽ പുതുതായി സംഘടനയിലേക്ക് കടന്നുവന്നിട്ടുള്ള സഹോദരങ്ങൾക്ക് ഇത്തരം അനുഭവങ്ങൾ നേരിട്ട് ലഭിച്ചിട്ടുണ്ടാകണമെന്നില്ല. അതിൽ തെറ്റൊന്നുമില്ല. കാരണം ഒരു പ്രസ്ഥാനത്തിന്റെ യഥാർത്ഥ ശക്തിയും പ്രവർത്തനരീതിയും തിരിച്ചറിയാൻ അതിന്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകണം.

പുറത്തുനിന്ന് കേൾക്കുന്നതിലൂടെയല്ല നീതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കുചേരുന്നതിലൂടെയാണ് ഒരു പ്രസ്ഥാനത്തിന്റെ യഥാർത്ഥ മുഖം തിരിച്ചറിയാൻ കഴിയുന്നത്.

പരസ്പര സാഹോദര്യവും ബഹുമാനവും നിലനിർത്തിക്കൊണ്ട് അച്ചടക്കമുള്ള ഒരു കേഡർ സംവിധാനത്തിൽ പ്രവർത്തിക്കാനുള്ള കരുത്തുറ്റ ഭരണഘടനയാണ് നമ്മുടെ പ്രസ്ഥാനത്തിന്റെ യഥാർത്ഥ മൂലക്കല്ല്.

നമ്മുടെ സംഘടന ഒരു വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് പ്രവർത്തിക്കേണ്ട പ്രസ്ഥാനമല്ല. ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ താൽപര്യങ്ങൾക്കോ മതവിഭാഗത്തിന്റെ താൽപര്യങ്ങൾക്കോ വ്യക്തികളുടെ സ്വാർത്ഥ താൽപര്യങ്ങൾക്കോ വഴങ്ങി സംഘടനയുടെ അടിസ്ഥാനലക്ഷ്യങ്ങളിൽനിന്ന് വ്യതിചലിക്കേണ്ട സാഹചര്യം നാം അംഗീകരിച്ചിട്ടില്ല.

ഇന്നുവരെ സംഘടന സ്വീകരിച്ചിട്ടുള്ള അടിസ്ഥാന നിലപാട് അതുതന്നെയാണ്. വരുംകാലത്തും ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ള ഈ സമീപനത്തിൽ ഉറച്ചുനിന്നുകൊണ്ടായിരിക്കും നമ്മുടെ പ്രസ്ഥാനം മുന്നോട്ടുപോകേണ്ടത്.

വ്യക്തികൾ മാറാം. സാഹചര്യങ്ങൾ മാറാം. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. എന്നാൽ നീതിയോടുള്ള പ്രതിബദ്ധതയും മനുഷ്യാവകാശങ്ങളോടുള്ള ആദരവും ഭരണഘടനയോടുള്ള കൂറും മാറാൻ പാടില്ല.

ഒരു വ്യക്തിയേക്കാൾ വലുതാണ് പ്രസ്ഥാനം. ഒരു വ്യക്തിയുടെ താൽപര്യത്തേക്കാൾ വലുതാണ് പ്രസ്ഥാനത്തിന്റെ ലക്ഷ്യം. ആ ലക്ഷ്യത്തേക്കാൾ വലുതായി നമുക്ക് മറ്റൊന്നും ഉണ്ടാകരുത്.

അതുകൊണ്ട് എല്ലാ അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കണം. മനസ്സുതുറന്ന് സംസാരിക്കണം. അഭിപ്രായങ്ങൾ പരസ്പരം കേൾക്കണം. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാൽപ്പോലും പരസ്പര ബഹുമാനം കൈവിടരുത്.

ഒരാളുടെ അഭിപ്രായത്തെ എതിർക്കാം .എന്നാൽ ആ വ്യക്തിയുടെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുന്ന രീതിയിൽ പെരുമാറരുത്. അതാണ് യഥാർത്ഥ സംഘടനാ സംസ്കാരം.

പ്രിയരേ,

ഒരു പ്രസ്ഥാനം വളരുമ്പോൾ അതിന്റെ പ്രവർത്തനങ്ങളെ ഇഷ്ടപ്പെടാത്തവരും അതിന്റെ ലക്ഷ്യങ്ങൾ വിജയിക്കുന്നത് ആഗ്രഹിക്കാത്തവരും ഉണ്ടാകാം. സംഘടനയുടെ വളർച്ച തടയാൻ ശ്രമിക്കുന്നവരും ഉണ്ടായേക്കാം.

അത്തരം സാഹചര്യങ്ങളിൽ വിമർശനങ്ങളും ആരോപണങ്ങളും നിർദേശങ്ങളും ആവശ്യങ്ങളും ഉയർന്നുവരാം. അവയിൽ ചിലത് ആത്മാർത്ഥമായിരിക്കാം. ചിലത് വ്യക്തിപരമായ താൽപര്യങ്ങളിൽനിന്ന് ഉണ്ടായതാകാം.

അതുകൊണ്ട് എല്ലാ വിമർശനങ്ങളെയും ഒരേ രീതിയിൽ കാണേണ്ടതില്ല. അതുപോലെ എല്ലാ ആരോപണങ്ങളെയും പരിശോധിക്കാതെ സത്യമെന്നു കരുതുകയും ചെയ്യരുത്.

വിമർശനത്തെ ഭയക്കേണ്ടതില്ല. എന്നാൽ വിമർശനത്തിന്റെ പിന്നിലെ ഉദ്ദേശ്യം തിരിച്ചറിയാനുള്ള വിവേകം നമുക്ക് ഉണ്ടായിരിക്കണം.

ആരോപണങ്ങൾ ഉയർന്നാൽ തെളിവുകൾ പരിശോധിക്കണം. പരാതികൾ വന്നാൽ വസ്തുതകൾ അന്വേഷിക്കണം. നിർദേശങ്ങൾ ലഭിച്ചാൽ സംഘടനയുടെ ഭരണഘടനയും പൊതുതാൽപര്യവും മുൻനിർത്തി തീരുമാനമെടുക്കണം.

വ്യക്തിപരമായ താൽപര്യങ്ങൾ സംരക്ഷിക്കാൻ സംഘടനയെ ഉപകരണമാക്കാൻ ആരെയും അനുവദിക്കരുത്. അതേസമയം തെളിവില്ലാതെ ആരെയും സംഘടനയുടെ ശത്രുവായി മുദ്രകുത്തുകയും ചെയ്യരുത്.

സമീപകാലത്ത് നമ്മുടെ ഗ്രൂപ്പുകളിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായത് നിങ്ങൾക്കറിയാം. മറ്റ് ചില സംഘടനകളിൽ ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി വ്യത്യസ്തമായിരിക്കാം.

എന്നാൽ നമ്മൾ മാന്യതയും സംസ്കാരവും പുലർത്തുന്നതുകൊണ്ട് ആ സമീപനത്തെ ദൗർബല്യമായി ആരും തെറ്റിദ്ധരിക്കരുത്.

നമ്മുടെ മാന്യത നമ്മുടെ സംസ്കാരമാണ്. നമ്മുടെ അച്ചടക്കം നമ്മുടെ ശക്തിയാണ്. എന്നാൽ ആ മാന്യതയുടെ മറവിൽ സംഘടനയുടെ ലക്ഷ്യങ്ങളെ തകർക്കുന്ന പ്രവർത്തനങ്ങൾ നടക്കാൻ അനുവദിക്കാനാവില്ല.

എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകരേ :

അടുത്തിടെ ഒരു സഹോദരിയുടെ ശബ്ദസന്ദേശം കേൾക്കാനിടയായി. ആ വാക്കുകൾ കേട്ടപ്പോൾ എന്റെ ഹൃദയം വല്ലാതെ വേദനിച്ചു.

കാരണം . ആ സഹോദരിയുടെ ജീവിതത്തിൽ ഒരിക്കൽ ഉണ്ടായിരുന്ന ഗുരുതരമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഞാൻ നേരിട്ട് ഇടപെട്ടതും അതിനുവേണ്ടി വലിയ വ്യക്തിപരമായ വില നൽകേണ്ടിവന്നതും എനിക്ക് മറക്കാൻ കഴിയാത്ത അനുഭവങ്ങളാണ്.

ആ വിഷയത്തിൽ ഇടപെട്ടതിന്റെ പേരിൽ എനിക്ക് അപവാദങ്ങൾ കേൾക്കേണ്ടിവന്നു. ആരോപണങ്ങൾ നേരിടേണ്ടിവന്നു. സൈബർ ആക്രമണങ്ങളും ഭീഷണികളും അനുഭവിക്കേണ്ടിവന്നു.

ആ സാഹചര്യത്തിൽ ഞാൻ അനുഭവിച്ച മാനസിക സമ്മർദം എത്രത്തോളമായിരുന്നുവെന്ന് എനിക്ക് മാത്രമേ പൂർണമായി അറിയൂ.  അതുപോലുള്ള
ചില സംഭവങ്ങളും ഇപ്പോൾ മരോട്ടിച്ചാലിൽ ഏറ്റെടുത്ത
വിഷയവും
എന്റെ ജീവിതത്തിലെ അതീവ വേദനാജനകമായ ഒരു അധ്യായങ്ങളാണ്

എന്നാൽ ആ പ്രതിസന്ധികൾക്കിടയിലും ഞാൻ കൈവിടാതിരുന്നത് ഒരു വിശ്വാസമാണ് നീതിക്കുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഒരാൾക്ക് പ്രതിസന്ധികൾ വന്നാലും തന്റെ മനസ്സാക്ഷിക്കുമുന്നിൽ തലകുനിക്കേണ്ടിവരരുത്.

അന്ന് ആ സഹോദരിയുടെ പ്രശ്നത്തിൽ ഇടപെട്ടതിന്റെ ഫലമായി എന്റെ അറിവിലും അനുഭവത്തിലും അവർ നേരിട്ടിരുന്ന ചില ദുരിതങ്ങൾ പിന്നീട് അവസാനിക്കാൻ സഹായകമായി.

ക്രൂരമായ പെരുമാറ്റവും ശാരീരിക പീഡനവും നേരിടേണ്ടിവന്നിരുന്നുവെന്ന അവരുടെ പരാതികളുമായി ബന്ധപ്പെട്ട് ഞാൻ ഇടപെട്ടിരുന്നു. അയൽവാസികളിൽനിന്ന് അപവാദപ്രചാരണങ്ങളും ഉപദ്രവങ്ങളും ഉണ്ടായിരുന്നുവെന്നും കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും നേരെ ഭീഷണികളും മർദനങ്ങളും ഉണ്ടായിരുന്നുവെന്നും അന്ന് അവർ അനുഭവങ്ങൾ പങ്കുവെച്ചിരുന്നു.

പള്ളിപ്പെരുന്നാളിന്റെ സമയത്ത് ബന്ധുക്കൾ വീട്ടിലെത്തിയാൽപ്പോലും പ്രശ്നങ്ങൾ നേരിടേണ്ടിവന്നിരുന്നുവെന്ന സാഹചര്യത്തിൽ അതിനെതിരെ പ്രതികരിക്കാൻ ഞാൻ തയ്യാറായി.

ഞാനും നമ്മുടെ സഹോദരി സുമിജ സ്വാമിനാഥനും നേരിട്ട് രാത്രിസമയത്ത് ആ സഹോദരിയുടെ വീട്ടിലെത്തി ഇടപെട്ടിട്ടുണ്ട്. ഭീഷണികൾക്കും എതിർപ്പുകൾക്കും മുന്നിൽ പിന്മാറാതെ പ്രശ്നപരിഹാരത്തിനായി നിലകൊണ്ട അനുഭവം എനിക്ക് ഇന്നും ഓർമയുണ്ട്.

ആ സമയത്ത് എനിക്കെതിരെ എന്തെല്ലാം ആരോപണങ്ങൾ ഉയരുമെന്നോ എത്രത്തോളം അപമാനിക്കപ്പെടുമെന്നോ ഞാൻ കണക്കുകൂട്ടിയിരുന്നില്ല. അവിടെ ഒരു മനുഷ്യന്റെ പ്രശ്നം പരിഹരിക്കപ്പെടണമെന്ന ചിന്ത മാത്രമായിരുന്നു എനിക്ക് പ്രധാനം.

ഇന്ന് ആ ഇടപെടലിന്റെ ഗുണഫലങ്ങൾ അനുഭവിക്കുന്ന ആ സഹോദരിയും കുടുംബവും അന്നത്തെ സാഹചര്യങ്ങൾ ഓർക്കുന്നുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.

എന്നാൽ ഒരിക്കൽ ഒരാളുടെ വേദന സ്വന്തം വേദനയായി ഏറ്റെടുത്ത് സഹായിച്ച വ്യക്തിയോട് പിന്നീട് സംസാരിക്കുമ്പോൾ ആ അനുഭവങ്ങളെല്ലാം മറന്നതുപോലെയുള്ള സമീപനം കാണുമ്പോൾ സ്വാഭാവികമായും മനസ്സ് വേദനിക്കും.

ഞാൻ ചെയ്ത സഹായത്തിന് പ്രതിഫലം ആവശ്യപ്പെടുന്നില്ല. നന്ദിവാക്കുകൾക്കുവേണ്ടി നീതിക്കുവേണ്ടിയുള്ള പ്രവർത്തനം നടത്തിയിട്ടുമില്ല.

എന്നാൽ ഒരിക്കൽ ഒരു മനുഷ്യന്റെ ജീവിതത്തിൽ പ്രതിസന്ധിയുണ്ടായപ്പോൾ കൂടെ നിന്നവനെക്കുറിച്ച് സംസാരിക്കുമ്പോൾ ആ അനുഭവങ്ങളുടെ സത്യാവസ്ഥയെങ്കിലും മറക്കാതിരിക്കണമെന്ന ആഗ്രഹം തെറ്റാണോ?

സഹായത്തിന് പ്രതിഫലം വേണ്ട. എന്നാൽ സത്യത്തെ വളച്ചൊടിക്കാതിരിക്കാനുള്ള നീതിബോധം എല്ലാവർക്കും ഉണ്ടായിരിക്കണം.

എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് ആ സഹോദരിയുടെ വാക്കുകൾ മാത്രമല്ല : അവർ ആരുടെ വാക്കുകളെയാണ് വിശ്വസിക്കുന്നത്, എന്തെല്ലാം സാഹചര്യങ്ങളിലാണ് അത്തരമൊരു സമീപനത്തിലേക്ക് എത്തിയത് എന്ന ചിന്ത കൂടിയാണ്.

ആരെയും അന്ധമായി വിശ്വസിക്കരുത്. അതുപോലെ ഒരിക്കൽ നമ്മെ സഹായിച്ച വ്യക്തിയെക്കുറിച്ച് മറ്റൊരാൾ പറയുന്നതെല്ലാം പരിശോധിക്കാതെ വിശ്വസിക്കുകയും ചെയ്യരുത്.

സത്യം തിരിച്ചറിയാൻ മനസ്സാക്ഷിയും വിവേകവും വേണം.

നമ്മുടെ സമൂഹത്തിൽ സാമ്പത്തികമായും സാമൂഹികമായും ശക്തിയുള്ള ചിലർ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് മറ്റുള്ളവരെ നേരിടുന്ന സാഹചര്യങ്ങൾ ഉണ്ടാകാം.

ഒരു കുടുംബത്തിൽ മാതാപിതാക്കൾക്കും മകനും മാത്രമുള്ള സാഹചര്യത്തിൽ ആ മകന്റെ പേര് ദുരുപയോഗം ചെയ്ത് നാട്ടിലെ നിരവധി ആളുകളിൽനിന്ന് പണവും സ്വർണവും തട്ടിയെടുത്തുവെന്നും അതിലൂടെ സ്വത്ത് സമ്പാദിച്ചുവെന്നും ആരോപണങ്ങളുയർന്നിട്ടുള്ള വിഷയങ്ങളിൽ ഞാൻ ഇടപെട്ടിട്ടുണ്ട്.

ഇത്തരം ആരോപണങ്ങളുമായി ബന്ധപ്പെട്ട് നീതി തേടുന്ന സാധാരണക്കാരും നമ്മുടെ അംഗങ്ങളിൽപ്പെട്ട ചിലരും ഉൾപ്പെടെ നിരവധി പേർ പ്രയാസങ്ങൾ നേരിടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.

പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിൽ എതിർക്കുന്നവരെ നേരിടാൻ ശ്രമിക്കുന്നവരുണ്ടെന്ന പരാതികളും എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

രണ്ടു ഫോണുകൾ ഉപയോഗിച്ചോ മറ്റേതെങ്കിലും രീതിയിലോ മറ്റുള്ളവരുടെ പേരിൽ വ്യാജ സന്ദേശങ്ങളോ ശബ്ദസന്ദേശങ്ങളോ സൃഷ്ടിച്ച് കൃത്രിമ തെളിവുകൾ ഉണ്ടാക്കുകയും നിരപരാധികൾക്കെതിരെ പരാതികൾ നൽകുകയും ചെയ്യുന്നുവെന്ന ആരോപണങ്ങളും ഉയർന്നിട്ടുണ്ട്.

ഇത്തരം ആരോപണങ്ങളുടെ സത്യാവസ്ഥ തെളിവുകളുടെയും നിയമപരമായ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമേ ഉറപ്പിക്കാൻ കഴിയൂ. എന്നാൽ ഇത്തരത്തിലുള്ള പരാതികൾ ഉന്നയിക്കുന്ന സാധാരണക്കാർക്ക് നീതി ലഭിക്കണമെന്ന ആവശ്യം അവഗണിക്കാൻ നമുക്കാവില്ല.

അവിടെയാണ് ഞാൻ ഇടപെടാൻ തീരുമാനിച്ചത്.

നീതിക്കുവേണ്ടി ശബ്ദമുയർത്തിയതിന്റെ പേരിൽ നമ്മുടെ കൂട്ടത്തിൽനിന്നുപോലും എനിക്ക് അപവാദങ്ങളും ആരോപണങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. പ്രത്യാരോപണങ്ങൾ കേൾക്കേണ്ടിവന്നിട്ടുണ്ട്.

എന്നാൽ അത്തരം പ്രതിസന്ധികൾക്കു മുന്നിൽ ഞാൻ പിന്മാറിയിട്ടില്ല.

എന്നിൽ എനിക്ക് വിശ്വാസമുണ്ട്. എന്റെ പ്രവർത്തനങ്ങളുടെ ഉദ്ദേശ്യശുദ്ധിയിൽ എനിക്ക് വിശ്വാസമുണ്ട്. നിയമപരമായ വഴികളിലൂടെ നീതി തേടാനുള്ള എന്റെ പ്രതിബദ്ധതയിലും വിശ്വാസമുണ്ട്.

സാധാരണക്കാരന്റെ കണ്ണീരിന് വിലയില്ലാത്ത ഒരു സമൂഹത്തിൽ ആ കണ്ണീരിന് നീതി തേടുന്നവരുടെ ശബ്ദം ഒരിക്കലും നിശ്ശബ്ദമാകരുത്.

നമ്മുടെ അംഗങ്ങൾ ഉൾപ്പെടെയുള്ള പാവപ്പെട്ട മനുഷ്യർക്ക് നഷ്ടപ്പെട്ടതായി അവർ കരുതുന്ന നീതി വീണ്ടെടുക്കുന്നതിനുവേണ്ടിയാണ് ഞാൻ ഇറങ്ങിത്തിരിച്ചത്. ആ ലക്ഷ്യത്തിൽനിന്ന് വ്യക്തിപരമായ ആരോപണങ്ങൾ എന്നെ പിന്തിരിപ്പിക്കില്ല.

എന്നാൽ നമ്മുടെ പോരാട്ടം വ്യക്തിവൈരാഗ്യത്തിന്റെ വഴിയിലൂടെയല്ല. തെളിവുകളുടെയും നിയമത്തിന്റെയും ഭരണഘടനയുടെയും വഴിയിലൂടെയായിരിക്കണം.

നമ്മുടെ സംഘടനയിൽ ചില വ്യക്തികളെ മാറ്റണമെന്ന ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്. ബഷീറിനെ മാറ്റണമെന്നോ സഫൂറയെ മാറ്റണമെന്നോ ആവശ്യപ്പെട്ടിട്ടുള്ള സാഹചര്യങ്ങളുണ്ട്.

എന്നാൽ അത്തരം ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ അതിന്റെ വ്യക്തമായ കാരണങ്ങൾ എന്താണെന്ന് വിശദീകരിക്കേണ്ട ഉത്തരവാദിത്വമുണ്ട്.

ഒരു വ്യക്തിയെ ഇഷ്ടമില്ലാത്തതുകൊണ്ടോ വ്യക്തിപരമായ അഭിപ്രായവ്യത്യാസമുള്ളതുകൊണ്ടോ സംഘടനാപരമായ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുന്നത് ശരിയായ സമീപനമല്ല.

ആരുടെയെങ്കിലും ഭാഗത്തുനിന്ന് സംഘടനാവിരുദ്ധമായ പ്രവർത്തനമോ അച്ചടക്കലംഘനമോ ഉണ്ടായിട്ടുണ്ടെങ്കിൽ അത് വ്യക്തമായ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പരിശോധിക്കണം.

അതുപോലെ ജാതീയ ചിന്തകളും രാഷ്ട്രീയ താൽപര്യങ്ങളും വ്യക്തിപരമായ സ്വാർത്ഥതകളും മുൻനിർത്തി വിവാദങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിൽ അതിനെക്കുറിച്ചും നാം ജാഗ്രത പുലർത്തണം.

സംഘടനയിൽ ഒരാൾക്ക് സ്ഥാനം ലഭിക്കേണ്ടത് വ്യക്തിപരമായ അടുപ്പത്തിന്റെ പേരിലല്ല : അയാളുടെ പ്രവർത്തനത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും സംഘടനാപരമായ യോഗ്യതയുടെയും അടിസ്ഥാനത്തിലായിരിക്കണം.

നമ്മുടെ നിലപാട് ഇതായിരിക്കണം. ഒരാൾക്കെതിരായ ആരോപണം പരിശോധിക്കാതെ ശിക്ഷിക്കരുത് : അതുപോലെ, തെളിവുകളുള്ള തെറ്റുകൾ കണ്ടിട്ടും വ്യക്തിബന്ധങ്ങളുടെ പേരിൽ അവഗണിക്കുകയുമരുത്.

നമ്മുടെ സംഘടനയുടെ പ്രവർത്തനങ്ങൾക്കിടയിൽ സ്ത്രീകളോടുള്ള സമീപനവുമായി ബന്ധപ്പെട്ടും ചില വിവാദങ്ങളും പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്.

സ്ത്രീകളുടെ സ്നേഹവും അടുപ്പവും നേടിയെടുക്കുന്നതിനായി അമിതമായ അടുപ്പം പ്രകടിപ്പിക്കുന്നതോ പിന്നീട് വ്യക്തിപരമായ താൽപര്യങ്ങൾക്കായി സംഘടനയെ ഉപയോഗപ്പെടുത്തുന്നതോ ആയ പെരുമാറ്റങ്ങളെക്കുറിച്ച് പരാതികളും അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.

ഒരു സ്ത്രീയുടെ വ്യക്തിപരമായ താൽപര്യം നേടുന്നതിനുവേണ്ടി ചെറുപ്പം മുതൽ എന്നെ അറിയുന്ന ഒരാൾപോലും പരസ്യമായി എന്നെ തള്ളിപ്പറയുകയും എനിക്കെതിരെ പ്രവർത്തിക്കുകയും ചെയ്ത അനുഭവം എനിക്കുണ്ട്.

അത്തരം അനുഭവങ്ങൾ വേദനിപ്പിക്കുന്നതാണ്. എന്നാൽ അതിന്റെ പേരിൽ എല്ലാ സ്ത്രീകളെയും ഒരേ രീതിയിൽ കാണാനോ ആരെയും തെളിവില്ലാതെ കുറ്റപ്പെടുത്താനോ പാടില്ല.

സ്ത്രീയായാലും പുരുഷനായാലും എല്ലാവരും ഒരേ സംഘടനാ മൂല്യങ്ങൾ പാലിക്കണം. വ്യക്തിബന്ധങ്ങൾ സംഘടനയുടെ അച്ചടക്കത്തെ മറികടക്കരുത്. അതുപോലെ സ്ത്രീകളുടെ മാന്യതയും സുരക്ഷയും ആത്മാഭിമാനവും സംരക്ഷിക്കപ്പെടണം.

നമ്മുടെ പ്രസ്ഥാനത്തിൽ സ്ത്രീകൾക്ക് ലഭിക്കേണ്ടത് വെറും വാക്കുകളിലുള്ള ബഹുമാനമല്ല : അവരുടെ അവകാശങ്ങളും സുരക്ഷയും ആത്മാഭിമാനവും ഉറപ്പാക്കുന്ന പ്രവർത്തനപരമായ ബഹുമാനമാണ്.

നീതിയും മനുഷ്യാവകാശവും ഉയർത്തിപ്പിടിക്കുന്ന ഒരു സംഘടനയ്ക്ക് ഈ വിഷയത്തിൽ ഇരട്ടത്താപ്പ് ഉണ്ടാകാൻ പാടില്ല.

എന്റെ പേരിൽ വ്യാജ ശബ്ദസന്ദേശങ്ങൾ സൃഷ്ടിച്ച് പ്രചരിപ്പിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ചിലർ അത്തരം സന്ദേശങ്ങൾ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതായും ആരോപണങ്ങളുണ്ടായി.

ഇതുമായി ബന്ധപ്പെട്ട് കോടതി നടപടികൾ ഉണ്ടായിട്ടുണ്ട്. അതിൽപ്പെട്ടുപോയ രണ്ട് യുവാക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഞാൻ ഇടപെടുകയും ആ വിഷയം അവസാനിപ്പിക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.

ഇതുപോലെ നിരവധി പ്രതിസന്ധികളിലൂടെ എനിക്ക് കടന്നുപോകേണ്ടിവന്നിട്ടുണ്ട്.

അപവാദങ്ങൾ, ആരോപണങ്ങൾ, തെറ്റിദ്ധാരണകൾ, ഭീഷണികൾ, സാമൂഹികമായ ഒറ്റപ്പെടുത്തലുകൾ ഇതെല്ലാം ഒരാളുടെ മനസ്സിനെ തളർത്താൻ കഴിയും.

എന്നാൽ അവയെല്ലാം നേരിട്ടുകൊണ്ട് ഇന്നും തലയുയർത്തി നിൽക്കാൻ എനിക്ക് കഴിയുന്നുണ്ടെങ്കിൽ അതിന്റെ പിന്നിൽ എന്റെ ആത്മവിശ്വാസവും മനസ്സാക്ഷിയുമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

എനിക്ക് സംഭവിച്ച എല്ലാറ്റിനെയും കുറിച്ച് ഓരോരുത്തരോടും വിശദീകരിച്ച് നടക്കാൻ എനിക്ക് കഴിയണമെന്നില്ല. എന്നാൽ ഞാൻ ചെയ്ത പ്രവർത്തനങ്ങളുടെ ഉദ്ദേശ്യശുദ്ധിയിൽ എനിക്ക് വിശ്വാസമുണ്ട്.

എന്നെക്കുറിച്ച് എന്ത് പറയപ്പെടുന്നു എന്നതിലുപരി ഞാൻ എന്തിനുവേണ്ടി പ്രവർത്തിക്കുന്നു എന്നതാണ് എനിക്ക് പ്രധാനം.

എന്റെ ജീവിതത്തിൽ എന്നെ ഏറ്റവും അധികം വേദനിപ്പിച്ച സംഭവങ്ങളിൽ ഒന്നായിരുന്നു ഞാൻ മരിച്ചുവെന്ന രീതിയിൽ എന്റെ ഫോട്ടോ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റർ പ്രചരിപ്പിച്ചത്.

ജീവിച്ചിരിക്കുന്ന ഒരാളെ മരിച്ചതായി ചിത്രീകരിച്ച് അപമാനിക്കുന്ന പ്രവൃത്തി എത്രത്തോളം വേദനാജനകമാണെന്ന് അത് നേരിട്ട ഒരാൾക്കേ മനസ്സിലാകൂ.

അന്ന് എന്റെ മനസ്സ് വേദനിച്ചതുപോലെ തന്നെയാണ് അടുത്തിടെ നേരത്തെ പരാമർശിച്ച സഹോദരിയുടെ വാക്കുകൾ കേട്ടപ്പോഴും എനിക്ക് വേദന അനുഭവപ്പെട്ടത്.

എന്നാൽ ഇത്തരം അനുഭവങ്ങൾ എന്റെ ലക്ഷ്യങ്ങളെ മാറ്റിയിട്ടില്ല.

എന്നെക്കുറിച്ച് കള്ളങ്ങൾ പ്രചരിപ്പിക്കാം. എന്നെ തെറ്റിദ്ധരിക്കാം. എന്നെ ഒറ്റപ്പെടുത്താൻ ശ്രമിക്കാം. എന്നാൽ നീതിക്കുവേണ്ടിയുള്ള എന്റെ ആത്മാർത്ഥമായ പ്രവർത്തനങ്ങളെ ഇല്ലാതാക്കാൻ അതുകൊണ്ടുമാത്രം കഴിയില്ല.

സമയബന്ധിതമായി പല കാര്യങ്ങളും അറിയാൻ കഴിയുന്നതിനെക്കുറിച്ചുള്ള എന്റെ വിശ്വാസം : ചില സംഭവങ്ങൾ നടക്കുമ്പോഴും ചില കാര്യങ്ങൾ വെളിപ്പെടുമ്പോഴും അവയുടെ യഥാർത്ഥ സാഹചര്യങ്ങൾ കൃത്യമായ സമയത്ത് എന്റെ ശ്രദ്ധയിൽപ്പെടുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

അതിന്റെ പിന്നിൽ ദൈവികമായ ഒരു ഇടപെടലുണ്ടെന്ന് ഞാൻ വ്യക്തിപരമായി വിശ്വസിക്കുന്നു.

എന്റെ സാമൂഹിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് അത്തരം തിരിച്ചറിവുകൾ എനിക്ക് ലഭിക്കുന്നതെന്നും ഞാൻ കരുതുന്നു.

ഈ വിശ്വാസം മറ്റാരുടെയും മേൽ അടിച്ചേൽപ്പിക്കാനല്ല ഞാൻ പറയുന്നത്. മറിച്ച് പ്രതിസന്ധികൾക്കിടയിലും എന്റെ പ്രവർത്തനങ്ങളിൽ ഉറച്ചുനിൽക്കാൻ എനിക്ക് കരുത്ത് നൽകുന്ന ഒരു വ്യക്തിപരമായ വിശ്വാസമാണത്.

ഞാൻ നിങ്ങളോട് പറയുന്ന കാര്യങ്ങളെല്ലാം എന്റെ അനുഭവങ്ങളുടെയും ഓർമകളുടെയും കാഴ്ചപ്പാടുകളുടെയും അടിസ്ഥാനത്തിലാണ്. സംഭവങ്ങളുമായി ബന്ധപ്പെട്ട വസ്തുതകൾ പരിശോധിക്കപ്പെടേണ്ടിടത്ത് അതിന് ഞാൻ എതിരല്ല.

എന്നാൽ എന്റെ അനുഭവങ്ങൾ പങ്കുവെക്കുമ്പോൾ അവയുടെ പിന്നിലുള്ള വേദനയും ലക്ഷ്യവും നിങ്ങൾ മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.

പ്രിയപ്പെട്ട സഹപ്രവർത്തകരേ :

ഇതുപോലൊരു പ്രസ്ഥാനത്തിൽ പ്രവർത്തിക്കുമ്പോൾ ഓരോ അംഗത്തിനും ഉണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഗുണം നീതിബോധമാണ്.

ആ നീതിബോധം സ്വന്തം കാര്യങ്ങളിൽ മാത്രം ഒതുങ്ങരുത്. മറ്റൊരാളുടെ വേദന മനസ്സിലാക്കാനും അയാൾക്ക് നീതി ലഭിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയാനും കഴിയുന്ന സാമൂഹിക നീതിബോധമായി അത് വളരണം.

നമ്മുടെ സ്വന്തം അഭിപ്രായം മാത്രമാണ് ശരിയെന്ന് കരുതുന്ന സമീപനം ഒരു പ്രസ്ഥാനത്തെ വളർത്തുകയില്ല.

മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾക്കുക തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തുക അനീതിയുണ്ടായാൽ അതിനെതിരെ നിലകൊള്ളുക, വ്യക്തിപരമായ താൽപര്യങ്ങളെക്കാൾ പൊതുതാൽപര്യത്തിന് പ്രാധാന്യം നൽകുക ഇതെല്ലാമാണ് ഒരു പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നത്.

നമ്മുടെ ഇടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. ചില തീരുമാനങ്ങളോട് എല്ലാവർക്കും യോജിപ്പുണ്ടാകണമെന്നില്ല. എന്നാൽ അതിന്റെ പേരിൽ പരസ്പരം ശത്രുക്കളാകരുത്.

നമ്മൾ മറക്കരുതാത്ത ഒരു കാര്യമുണ്ട്: നമ്മുടെ ശത്രു നമ്മുടെ സഹപ്രവർത്തകന്റെ അഭിപ്രായവ്യത്യാസമല്ല. നീതി നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങളാണ്. നമ്മുടെ ലക്ഷ്യം പരസ്പരം തോൽപ്പിക്കലല്ല : അനീതിയെ പരാജയപ്പെടുത്തലാണ്.
ഈ തിരിച്ചറിവ് ഓരോ അംഗത്തിന്റെയും മനസ്സിൽ ഉറച്ചുനിൽക്കണം.

നമ്മുടെ നീതിയും മനുഷ്യാവകാശവും ജനകീയ സംഗമം 2026 . ഇനി വെറുമൊരു പരിപാടിയല്ല. നമ്മുടെ പ്രവർത്തനങ്ങളുടെ ദിശ വ്യക്തമാക്കാനും സംഘടനയുടെ ഭാവി രൂപപ്പെടുത്താനും കഴിയുന്ന സുപ്രധാനമായ ഒരു അവസരമാണ്.

ഇത്തരം ഒരു സമ്മേളനത്തെ വിജയിപ്പിക്കാൻ നാം പ്രവർത്തിക്കുമ്പോൾ സംഘടനയ്ക്കുള്ളിൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതും പരസ്പര വിശ്വാസം തകർക്കുന്നതുമായ പ്രവർത്തനങ്ങൾ ഉണ്ടായാൽ അത് നമ്മുടെ കൂട്ടായ ലക്ഷ്യത്തെ ദുർബലപ്പെടുത്തും.

സമ്മേളനത്തിന്റെ വിജയത്തേക്കാൾ അതിന്റെ പരാജയം ആഗ്രഹിക്കുന്ന ചിലർ ഉണ്ടെന്ന ആശങ്ക എനിക്കുണ്ട്. അത്തരം സാഹചര്യങ്ങളിൽ ആരാണ് എന്തിനുവേണ്ടി പ്രവർത്തിക്കുന്നത് എന്നത് തിരിച്ചറിയാൻ നമുക്ക് വിവേകം വേണം.

എന്നാൽ ആരെയും തെളിവില്ലാതെ കുറ്റപ്പെടുത്തുകയോ വ്യക്തിപരമായ ശത്രുത വളർത്തുകയോ ചെയ്യരുത്. പകരം, നമ്മുടെ ലക്ഷ്യങ്ങളിൽ ഉറച്ചുനിൽക്കുകയും അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്കു പകരം വസ്തുതകളെ ആശ്രയിക്കുകയും വേണം.

സമ്മേളനം വിജയിപ്പിക്കേണ്ടത് ചെയർമാന്റെ മാത്രം ഉത്തരവാദിത്വമല്ല. സംസ്ഥാന നേതാക്കളുടെ മാത്രം ഉത്തരവാദിത്വവുമല്ല. ഓരോ അംഗത്തിന്റെയും കൂട്ടായ ഉത്തരവാദിത്വമാണ്.

ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നത് ഒരു സാന്നിധ്യം രേഖപ്പെടുത്താൻ മാത്രമാകരുത്. സംഘടനയുടെ ലക്ഷ്യങ്ങളെ മനസ്സിലാക്കാനും അഭിപ്രായങ്ങൾ പങ്കുവെക്കാനും ഭാവിയിലെ പ്രവർത്തനങ്ങൾക്ക് കരുത്തുപകരാനും വേണ്ടിയാകണം.

അതുകൊണ്ട്, എന്റെ എല്ലാ പ്രിയപ്പെട്ട സഹപ്രവർത്തകരോടും ഞാൻ ഹൃദയപൂർവം അഭ്യർത്ഥിക്കുന്നു:

സമ്മേളനത്തിൽ പങ്കെടുക്കുക. നിങ്ങളുടെ അഭിപ്രായങ്ങൾ തുറന്നുപറയുക. സംശയങ്ങളുണ്ടെങ്കിൽ ചോദിക്കുക. പരാതികളുണ്ടെങ്കിൽ ഉന്നയിക്കുക. തെറ്റുകൾ കണ്ടാൽ ചൂണ്ടിക്കാണിക്കുക. എന്നാൽ അതെല്ലാം സംഘടനയുടെ ഭരണഘടനയെയും പരസ്പര ബഹുമാനത്തെയും അടിസ്ഥാനമാക്കിയാകണം.

നമ്മുടെ ലക്ഷ്യം സംഘടനയെ വ്യക്തിപരമായ താൽപര്യങ്ങൾക്കായി ഉപയോഗിക്കുക എന്നതല്ല; സാധാരണക്കാരന്റെ നീതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ്.

എന്റെ പ്രിയപ്പെട്ട സഹോദരങ്ങളേ :

എന്റെ ജീവിതത്തിലെ വലിയൊരു ഭാഗം ഞാൻ പൊതുപ്രവർത്തനത്തിനായി മാറ്റിവെച്ചിട്ടുണ്ട്.
എനിക്ക് വ്യക്തിപരമായ നേട്ടങ്ങൾക്കായി മാത്രം ജീവിക്കാമായിരുന്നു. സാമ്പത്തിക നേട്ടങ്ങൾക്കു മുൻഗണന നൽകാമായിരുന്നു. എന്നാൽ സാധാരണക്കാരന്റെ പ്രശ്നങ്ങളിൽ ഇടപെടാനും നീതി നിഷേധിക്കപ്പെട്ടവരുടെ കൂടെ നിൽക്കാനും ഞാൻ തീരുമാനിച്ചു.

ആ വഴിയിൽ എനിക്ക് നഷ്ടങ്ങളും വേദനകളും ആരോപണങ്ങളും അപമാനങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. ചിലപ്പോൾ എന്നെ മനസ്സിലാക്കേണ്ടവർ പോലും എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്.
എനിക്ക് വിലപ്പെട്ട പലതും നഷ്ടപ്പെട്ടിട്ടുണ്ട് നഷ്ടപ്പെട്ടതിന്റെ വേദനയും ദുഃഖവും മനസ്സിൽ ഒതുക്കി നിർത്തിയാണ് മുന്നോട്ടുപോകുന്നത്.
എന്നാൽ അതുകൊണ്ടുമാത്രം എന്റെ ലക്ഷ്യങ്ങളെ ഉപേക്ഷിക്കാൻ എനിക്ക് കഴിയില്ല.

കാരണം.ഒരു മനുഷ്യന് തന്റെ മനസ്സാക്ഷിയെ വഞ്ചിച്ച് ജീവിക്കുന്നതിനേക്കാൾ വലിയ നഷ്ടമില്ലെന്ന് ഞാൻ വിശ്വസിക്കുന്നു.

ഞാൻ തെറ്റുകൾക്ക് അതീതനാണെന്ന് പറയുന്നില്ല. എനിക്കും തെറ്റുകൾ സംഭവിച്ചിട്ടുണ്ടാകാം. എന്നാൽ തെറ്റുകൾ ചൂണ്ടിക്കാണിക്കപ്പെടുമ്പോൾ അവ പരിശോധിക്കാനും ന്യായമായ വിമർശനങ്ങൾ സ്വീകരിക്കാനും ഞാൻ തയ്യാറാണ്.

അതോടൊപ്പം, വർഷങ്ങളായി ആത്മാർത്ഥമായി നടത്തിയ പ്രവർത്തനങ്ങളെ അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന സമീപനങ്ങളെയും ഞാൻ അംഗീകരിക്കില്ല.

നമ്മുടെ സംഘടനയിൽ എല്ലാവർക്കും ഒരുപോലെ സംസാരിക്കാനുള്ള അവകാശമുണ്ടാകണം. എല്ലാവർക്കും ഒരുപോലെ നീതി ലഭിക്കണം. വ്യക്തിബന്ധങ്ങളോ സാമ്പത്തിക സ്വാധീനമോ രാഷ്ട്രീയ ചിന്തകളോ ജാതീയ പരിഗണനകളോ ഒരാളുടെ സംഘടനാപരമായ അവകാശങ്ങളെ നിർണയിക്കരുത്.

നമ്മുടെ ഭരണഘടനയാണ് നമ്മുടെ വഴികാട്ടി. നമ്മുടെ നീതിബോധമാണ് നമ്മുടെ കരുത്ത്. നമ്മുടെ ഐക്യമാണ് നമ്മുടെ മുന്നേറ്റം.

നാളെ നമ്മെക്കുറിച്ച് ചരിത്രം എന്തെഴുതണം എന്നത് ഇന്ന് നാം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

നമ്മൾ പരസ്പരം കുറ്റപ്പെടുത്തി തളർന്നുപോയ ഒരു കൂട്ടമായിട്ടാണോ അറിയപ്പെടേണ്ടത്.?
അതോ പ്രതിസന്ധികൾക്കിടയിലും നീതിക്കുവേണ്ടി ഒരുമിച്ചുനിന്ന,
സാധാരണക്കാരന്റെ അവകാശങ്ങൾക്കായി പ്രവർത്തിച്ച വ്യക്തിതാൽപര്യങ്ങൾക്കുമപ്പുറം സംഘടനയുടെ ലക്ഷ്യങ്ങളെ ഉയർത്തിപ്പിടിച്ച ഒരു പ്രസ്ഥാനമായിട്ടാണോ അറിയപ്പെടേണ്ടത്.?

തീരുമാനം നമ്മുടെ കൈകളിലാണ്.

എനിക്ക് നിങ്ങളോട് ആവശ്യപ്പെടാനുള്ളത് അന്ധമായ പിന്തുണയല്ല: നീതിയുടെ പക്ഷത്തുനിന്നുകൊണ്ടുള്ള ആത്മാർത്ഥമായ പിന്തുണയാണ്.

വ്യക്തികളെക്കാൾ വലുതായി സംഘടനയെ കാണുക. സംഘടനയെക്കാൾ വലുതായി അതിന്റെ ലക്ഷ്യങ്ങളെ കാണുക. എല്ലാ സാഹചര്യങ്ങളിലും സത്യവും നീതിയും മാനുഷികതയും മുൻനിർത്തുക.

നമ്മുടെ സമ്മേളനത്തെ ദുർബലപ്പെടുത്തുന്ന ആശയക്കുഴപ്പങ്ങൾക്ക് പകരം അതിനെ ശക്തിപ്പെടുത്തുന്ന ചിന്തകൾക്ക് നമുക്ക് ഇടം നൽകാം.

വ്യക്തിപരമായ വിരോധങ്ങൾക്ക് പകരം സാഹോദര്യത്തെ തിരഞ്ഞെടുക്കാം. സ്വാർത്ഥതയ്ക്ക് പകരം സാമൂഹിക ഉത്തരവാദിത്വത്തെ തിരഞ്ഞെടുക്കാം. അനീതിക്ക് മുന്നിൽ നിശ്ശബ്ദതയ്ക്ക് പകരം നിയമപരവും നീതിയുക്തവുമായ ഇടപെടലുകളെ തിരഞ്ഞെടുക്കാം.

നീതിക്കുവേണ്ടി നിൽക്കുന്നവരെ ഒറ്റപ്പെടുത്തരുത്. നീതി തേടുന്നവരെ സംശയത്തിന്റെ പേരിൽ ഉപേക്ഷിക്കരുത്. സത്യം അന്വേഷിക്കാതെ ആരെയും കുറ്റക്കാരനാക്കരുത്.

ഈ തിരിച്ചറിവോടെ നമുക്ക് ഒന്നിച്ചുനിൽക്കാം.

നമ്മുടെ സമ്മേളനം വിജയിപ്പിക്കാം. നമ്മുടെ ഭരണഘടനയുടെ മഹത്വം ഉയർത്തിപ്പിടിക്കാം. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ മാതൃകാപരമായ ഒരു പ്രസ്ഥാനമായി HRPM-നെ കൂടുതൽ ശക്തിപ്പെടുത്താം.

എല്ലാ അംഗങ്ങളും കുടുംബാംഗങ്ങളും സഹപ്രവർത്തകരും ഈ സമ്മേളനത്തിൽ പങ്കുചേർന്ന് നമ്മുടെ കൂട്ടായ ഉത്തരവാദിത്വം നിറവേറ്റണമെന്ന് ഹൃദയപൂർവം ഞാൻ അഭ്യർത്ഥിക്കുന്നു.

എന്റെ വാക്കുകളിലെ വേദനയും പ്രതീക്ഷയും ഉത്തരവാദിത്വവും നിങ്ങൾ മനസ്സിലാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.

നീതി നമ്മുടെ ലക്ഷ്യം. മനുഷ്യാവകാശം നമ്മുടെ ഉത്തരവാദിത്വം. സാഹോദര്യം നമ്മുടെ സംസ്കാരം. ഭരണഘടന നമ്മുടെ അടിത്തറ.

സ്നേഹത്തോടെയും പ്രതീക്ഷയോടെയും,

ജോൺസൺ പുല്ലുത്തി ചെയർമാൻ Humanistic Rights Protection Movement (HRPM)

നീതിക്കുവേണ്ടി നമുക്ക് ഒരുമിക്കാം. മനുഷ്യാവകാശങ്ങൾക്കുവേണ്ടി നമുക്ക് ഉറച്ചുനിൽക്കാം. ചരിത്രം നമ്മുടെ പ്രവർത്തനങ്ങൾ സംസാരിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *