പ്രിയപ്പെട്ട എച്ച്.ആർ.പി.എം കുടുംബാംഗങ്ങളേ :
സംഘടനയുടെ സ്ഥാപകനും ചെയർമാനുമായ വ്യക്തി എന്ന നിലയിൽ നമ്മുടെ സംഘടനയുടെ ഭരണഘടനയെയും സംഘടനാ സംസ്കാരത്തെയും സംബന്ധിച്ച് ചില കാര്യങ്ങൾ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുകയാണ്.
എച്ച്.ആർ.പി.എം എന്നും അതിന്റെ ഭരണഘടനയെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളാണ് പിന്തുടരുന്നത്.
നമ്മുടെ സംഘടനയുടെ യഥാർത്ഥ ശക്തിയും അടിത്തറയും ഭരണഘടന തന്നെയാണ്.
ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ട് തെരഞ്ഞെടുക്കപ്പെടുന്ന നേതൃത്വത്തിലൂടെയാണ് സംഘടന മുന്നോട്ട് പോകുന്നത്.
പരസ്പര ബഹുമാനവും സാഹോദര്യവുമാണ് നമ്മുടെ സംഘടനയുടെ മുഖമുദ്ര.
ഇത് ഒരു മുദ്രാവാക്യം മാത്രമല്ല. മറിച്ച് ഓരോ അംഗവും പാലിക്കേണ്ട അടിസ്ഥാന മൂല്യമാണ്. ജാതി മതം ലിംഗം, വർണം സാമൂഹിക പശ്ചാത്തലം എന്നിവയുടെ വ്യത്യാസമില്ലാതെ എല്ലാവരെയും ഒരുപോലെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന സമീപനമാണ് സംഘടന എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്.
ഏതൊരു സംഘടനയിലും പോലെ അഭിപ്രായ വ്യത്യാസങ്ങളും ചർച്ചകളും സ്വാഭാവികമാണ്. എന്നാൽ അവ സംഘടനയുടെ വളർച്ചയ്ക്കും ഐക്യത്തിനും സഹായകരമാകുന്ന രീതിയിലായിരിക്കണം.
വ്യക്തിപരമായ താൽപര്യങ്ങൾ സംഘടനയുടെ പൊതുതാൽപര്യത്തിന് മുകളിലായി വരുമ്പോൾ അത് സംഘടനയുടെ പ്രവർത്തനങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഓരോ അംഗവും സംഘടനയുടെ ലക്ഷ്യങ്ങളും മൂല്യങ്ങളും മുൻനിർത്തി പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്.
സംഘടനയുടെ പേരിൽ നടത്തുന്ന ഓരോ പ്രവർത്തനവും പങ്കുവയ്ക്കുന്ന ഓരോ സന്ദേശവും പ്രസിദ്ധീകരിക്കുന്ന ഓരോ വിവരവും സംഘടനയുടെ പ്രതിച്ഛായയെ സ്വാധീനിക്കുന്നതാണ്.
അതിനാൽ എല്ലാ അംഗങ്ങളും കൂടുതൽ ജാഗ്രതയോടെയും ഉത്തരവാദിത്വത്തോടെയും പ്രവർത്തിക്കേണ്ടതുണ്ട്.
സംഘടനയുടെ ചുമതലകൾ ഏറ്റെടുക്കുന്നവർ ആ ഉത്തരവാദിത്വങ്ങളെ സംഘടനയുടെ വളർച്ചയ്ക്കും അംഗങ്ങളുടെ ക്ഷേമത്തിനും വേണ്ടി പ്രയോജനപ്പെടുത്തണം.
സ്ഥാനമോ അധികാരമോ വ്യക്തിപരമായ നേട്ടത്തിനല്ല മറിച്ച് സേവനത്തിനും കൂട്ടായ പുരോഗതിക്കും വേണ്ടിയുള്ള അവസരമാണെന്ന ബോധ്യം ഓരോരുത്തർക്കും ഉണ്ടായിരിക്കണം.
എച്ച്.ആർ.പി.എം കുടുംബത്തിന്റെ ശക്തി അതിന്റെ ഐക്യത്തിലും അച്ചടക്കത്തിലുമാണ്.
ഭരണഘടനയെ മാനിക്കുകയും സംഘടന തീരുമാനങ്ങളെ ബഹുമാനിക്കുകയും പരസ്പരം ആദരിക്കുകയും ചെയ്യുന്ന സംസ്കാരം നിലനിർത്താൻ നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാം.
നമ്മുടെ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാകട്ടെ. നമ്മുടെ പെരുമാറ്റം സംഘടനയുടെ മഹത്വം ഉയർത്തുന്നതാകട്ടെ. ഐക്യവും അച്ചടക്കവും ഉത്തരവാദിത്വവും കൈമുതലാക്കി നമുക്ക് മുന്നോട്ട് പോകാം.
പ്രത്യേക അറിയിപ്പ്
കൊല്ലം ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായും ഏകോപിതമായും മുന്നോട്ട് കൊണ്ടുപോകുന്നതിനായി ജില്ലയ്ക്ക് രണ്ട് സെക്രട്ടറിമാർ ആവശ്യമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ നടന്ന ചർച്ചകളുടെയും തീരുമാനങ്ങളുടെയും ഭാഗമായി നിലവിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗമായി പ്രവർത്തിച്ചു വരുന്ന ശ്രീ. സുഭാഷ് ബി. കുട്ടിതറയെ കൊല്ലം ജില്ലാ സെക്രട്ടറിയായി നിയമിച്ചിരിക്കുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.
ജില്ലാ പ്രസിഡന്റിനോടൊപ്പം വിവിധ സംഘടനാ പ്രവർത്തനങ്ങളിലേക്കും ആവശ്യമായ വിഷയങ്ങളിലേക്കും വേഗത്തിൽ എത്തിച്ചേരാനും പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരാനും അദ്ദേഹത്തിന്റെ സേവനം ഉപകരിക്കുമെന്ന പ്രതീക്ഷയിലാണ് ഈ നിയമനം കൈക്കൊള്ളുന്നത്.
സംഘടനയുടെ ഈ തീരുമാനം ജില്ലാ കമ്മിറ്റി യോഗത്തിൽ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യുന്നതിനും ജില്ലാ സെക്രട്ടറിമാരുടെ പ്രവർത്തന മേഖലകളും ചുമതലകളും ക്രമീകരിച്ച് വിഭജിക്കുന്നതിനും കൊല്ലം ജില്ലാ പ്രസിഡണ്ട് ശ്രീ: അബ്ദുൽസലാം പുതിയകാവ്
ജില്ലയുടെ ചുമതലയുള്ള
സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം
ശ്രീമതി അനിത സന്തോഷ് എന്നിവരെ ഈ ഉത്തരവിനാൽ ചുമതലപ്പെടുത്തിയിരിക്കുന്നു.
ശ്രീ. സുഭാഷ് ബി. കുട്ടിതറയ്ക്ക് സംഘടനയുടെ പേരിൽ എല്ലാ ആശംസകളും നേരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ജില്ലയുടെ വളർച്ചയ്ക്കും സംഘടനയുടെ ലക്ഷ്യസാക്ഷാത്കാരത്തിനും മുതൽക്കൂട്ടാകട്ടെയെന്ന
ആശംസയോടെ.
സ്നേഹപൂർവ്വം
സംസ്ഥാന നേതൃത്വത്തിനു വേണ്ടി സ്ഥാപകനും ചെയർമാനുമായ
ജോൺസൺ പുല്ലുത്തി
HRPM