സംസാരത്തേക്കാൾ പ്രവർത്തനമാണ് പ്രധാനം .
എല്ലാവർക്കും നമസ്കാരം.
ഞാൻ ചെയർമാൻ ജോൺസൺ പുല്ലുത്തി.
നമ്മുടെ സമ്മേളനത്തിന്റെ പ്രവർത്തനങ്ങൾ പൊതുവിൽ നല്ല രീതിയിൽ മുന്നോട്ടുപോകുന്നു എന്നത് സന്തോഷകരമായ യാഥാർത്ഥ്യമാണ്. അതോടൊപ്പം തന്നെ ചില മേഖലകളിൽ ഇനിയും കൂടുതൽ ശ്രദ്ധയും ആത്മാർത്ഥമായ ഇടപെടലുകളും ആവശ്യമാണെന്നതും നാം തിരിച്ചറിയേണ്ടതുണ്ട്.
ഒരു സമ്മേളനത്തിന്റെ വിജയത്തിന് ഏറ്റവും പ്രധാനപ്പെട്ടത് സംസാരമല്ല പ്രവർത്തനമാണ്.
നമ്മുടെ വാക്കുകൾ പ്രവർത്തികളായി മാറുമ്പോഴാണ് ഒരു സംഘടനയുടെ ശക്തി യഥാർത്ഥത്തിൽ പ്രകടമാകുന്നത്.
ഏതൊരു പൊതുപ്രസ്ഥാനത്തിലും അംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളും ചർച്ചകളും സ്വാഭാവികമാണ്. എന്നാൽ അവയെ വ്യക്തിപരമായ പ്രശ്നങ്ങളാക്കി മാറ്റാതെ പരസ്പര ബഹുമാനത്തോടെയും സംഘടനയുടെ അടിസ്ഥാന തത്വങ്ങളോടെയും പരിഹരിക്കുകയാണ് ഒരു ഉത്തരവാദിത്തമുള്ള പ്രസ്ഥാനത്തിന്റെ സംസ്കാരം.
വരാനിരിക്കുന്ന കാലഘട്ടത്തിൽ സംഘടന സ്വീകരിക്കേണ്ട നയങ്ങൾ എന്തൊക്കെയാണ് പ്രവർത്തനരീതി എങ്ങനെയായിരിക്കണം സമൂഹത്തിൽ കൂടുതൽ ഫലപ്രദമായി എങ്ങനെ ഇടപെടാൻ കഴിയും തുടങ്ങിയ കാര്യങ്ങൾ ഗൗരവമായി ചർച്ച ചെയ്ത് ഉചിതമായ തീരുമാനങ്ങളിലെത്തുന്നതിനാണ് സമ്മേളനങ്ങൾ.
അതുകൊണ്ടുതന്നെ സ്ഥാനമാനങ്ങൾക്കായുള്ള മത്സരങ്ങളോ ഗ്രൂപ്പിസമോ വ്യക്തിപരമായ താൽപര്യങ്ങളോ സമ്മേളനത്തിന്റെ ലക്ഷ്യത്തെ മറികടക്കാൻ പാടില്ല.
നമ്മുടെ പ്രസ്ഥാനം ഇത്തരം രീതികളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു മാതൃകയാണ് മുന്നോട്ടുവയ്ക്കുന്നത്.
HRPM-ന്റെ അടിസ്ഥാന മൂല്യങ്ങളിൽ പ്രധാനപ്പെട്ടത് പരസ്പര സാഹോദര്യവും ബഹുമാനവും നീതിയുമാണ്.
ഈ മൂല്യങ്ങൾ സംഘടനയുടെ ഓരോ തലത്തിലും പ്രതിഫലിക്കണം. നേതൃത്വം നൽകുന്നവരിൽ നിന്ന് സാധാരണ അംഗങ്ങളിലേക്കും ഒരേ ഉത്തരവാദിത്തബോധം ഉണ്ടായിരിക്കണം.
വ്യക്തിപരമായ താൽപര്യങ്ങളുടെ പേരിൽ ചേരിതിരിവുകൾ സൃഷ്ടിക്കുന്ന ഒരു പ്രവർത്തനരീതിയും ഈ പ്രസ്ഥാനം അംഗീകരിച്ചിട്ടില്ല : ഭാവിയിലും അംഗീകരിക്കുകയില്ല.
നമ്മുടെ സമ്മേളനത്തിന്റെ ഓരോ തീരുമാനവും ഓരോ പ്രവർത്തനവും ഈ നാട്ടിലെ സാധാരണക്കാരന് നിഷേധിക്കപ്പെടുന്ന നിയമപരമായ അവകാശങ്ങളും ആനുകൂല്യങ്ങളും തിരിച്ചുപിടിക്കുന്നതിനുള്ള ശക്തമായ ഇടപെടലുകളായി മാറണം.
സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള മനുഷ്യർക്ക് ഒരു അത്താണിയാകുക എന്നതാണ് നമ്മുടെ പ്രസ്ഥാനത്തിന്റെ യഥാർത്ഥ ലക്ഷ്യം.
അതിനാൽ സ്ഥാനങ്ങൾ നേടുന്നതിനേക്കാൾ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ തയ്യാറാകുന്നവരെയാണ് സംഘടനയ്ക്ക് ആവശ്യം.
സംഘടനയുടെ ഭരണഘടനയും അടിസ്ഥാന ആശയങ്ങളും ഉയർത്തിപ്പിടിച്ച് ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഓരോ അംഗത്തിനും സംഘടനയ്ക്കുള്ളിൽ വളരാനുള്ള അവസരം സ്വാഭാവികമായി ഉണ്ടാകും. ഒരു വ്യക്തിയുടെ ഉയർച്ച നിർണ്ണയിക്കുന്നത് അദ്ദേഹത്തിന്റെ സ്ഥാനമല്ല അദ്ദേഹം സംഘടനയ്ക്കുവേണ്ടി ചെയ്യുന്ന ആത്മാർത്ഥമായ പ്രവർത്തനങ്ങളാണ്.
കഴിഞ്ഞ ഏതാനും മാസങ്ങളായി സംഘടന വിവിധ തരത്തിലുള്ള പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ട്. അത്തരം സാഹചര്യങ്ങളിൽ ആവശ്യമായ സമയത്ത് കൂടുതൽ പ്രവർത്തകരുടെ സജീവമായ പിന്തുണ ലഭിക്കേണ്ടതിന്റെ പ്രാധാന്യം ഞാൻ നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
ആവശ്യം വന്നാൽ അറിയിക്കാം എന്ന വാക്കിനേക്കാൾ ആവശ്യം തിരിച്ചറിഞ്ഞ് സ്വമേധയാ മുന്നോട്ടുവരുന്ന പ്രവർത്തകനാണ് ഒരു പ്രസ്ഥാനത്തിന്റെ യഥാർത്ഥ ശക്തി.
ഒരു സംഘടനാ പ്രവർത്തകന്റെ യഥാർത്ഥ വീര്യം പ്രകടമാകുന്നത് പ്രസംഗവേദിയിലല്ല : സംഘടനയ്ക്ക് ആവശ്യമുള്ള സമയത്ത് അദ്ദേഹം എത്ര ആത്മാർത്ഥമായി അതിനൊപ്പം നിൽക്കുന്നു എന്നതിലാണ്.
ഇത് ആരെയും കുറ്റപ്പെടുത്താനുള്ള വാക്കുകളല്ല. മറിച്ച് നമ്മൾ ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളാണ്.
ഞാൻ സംഘടനയ്ക്കുവേണ്ടി സംസാരിക്കുന്നുണ്ടോ.?
അതോ പ്രവർത്തിക്കുന്നുണ്ടോ.?
സംഘടനയ്ക്ക് ആവശ്യമുള്ള സമയത്ത് ഞാൻ കൂടെയുണ്ടായിരുന്നോ.?
എന്റെ ഉത്തരവാദിത്തം പൂർണ്ണമായും നിർവഹിച്ചിട്ടുണ്ടോ.?
ഈ ചോദ്യങ്ങൾക്ക് ഓരോരുത്തരും ആത്മാർത്ഥമായി ഉത്തരം കണ്ടെത്തണം.
സമ്മേളനത്തിന്റെ പ്രവർത്തനങ്ങളിൽ ഭൂരിഭാഗം നേതാക്കളും തങ്ങളുടെ തിരക്കുകൾക്കിടയിലും ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് മാന്യമായ രീതിയിൽ മുന്നോട്ടുപോകുന്നത് അഭിനന്ദനാർഹമാണ്.
അതോടൊപ്പം സംഘടനയുടെ പൊതുവായ ലക്ഷ്യങ്ങളേക്കാൾ വ്യക്തിപരമായ ലക്ഷ്യങ്ങൾക്കാണ് മുൻഗണന ലഭിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന സാഹചര്യങ്ങൾ എവിടെയെങ്കിലും ഉണ്ടെങ്കിൽ അവ തിരുത്താനുള്ള അവസരവും നമ്മൾ നൽകണം.
നേരായ ദിശയിലേക്ക് തിരിച്ചുവരാൻ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു.
ചെയർമാൻ എന്ന നിലയിലും സ്ഥാപകൻ എന്ന നിലയിലും ഈ പ്രസ്ഥാനത്തിന്റെ വളർച്ച മാത്രമല്ല ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഓരോ ആത്മാർത്ഥ പ്രവർത്തകന്റെയും വളർച്ചയും ഞാൻ ആഗ്രഹിക്കുന്നു.
എന്നാൽ അതിന് അടിസ്ഥാനം ആശയങ്ങളല്ലാതെ പ്രവർത്തനവും ആത്മാർത്ഥതയും സംഘടനയോടുള്ള പ്രതിബദ്ധതയും ആയിരിക്കണം.
നമ്മുടെ സമ്മേളനം ഒരു പരിപാടി മാത്രമല്ല.
അത് നമ്മുടെ പ്രസ്ഥാനത്തിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള ഒരു പുതിയ തുടക്കമാണ്.
അതുകൊണ്ട് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്യാം.
തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താം.
പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കാം.
പക്ഷേ സംഘടനയുടെ ലക്ഷ്യത്തെ ദുർബലപ്പെടുത്തുന്ന രീതിയിലുള്ള ചേരിതിരിവുകൾക്ക് നാം ഇടം നൽകാതിരിക്കുക.
ഒറ്റക്കെട്ടായി നിൽക്കുക.
പരസ്പരം ബഹുമാനിക്കുക.
സംഘടനയുടെ ഭരണഘടനയെ മാനിക്കുക.
വാക്കുകളേക്കാൾ പ്രവർത്തനത്തിന് പ്രാധാന്യം നൽകുക.
അപ്പോഴാണ് നമ്മുടെ സമ്മേളനം യഥാർത്ഥ അർത്ഥത്തിൽ വിജയിക്കുക.
അവസാനമായി ഒരു കാര്യം മാത്രം ഓർമ്മിപ്പിക്കട്ടെ:
ആവശ്യമുള്ള സമയത്ത് ഒരു തുള്ളി വെള്ളം നൽകാൻ കഴിയാതെ പോയിട്ട് എല്ലാം കഴിഞ്ഞതിനുശേഷം വലിയൊരു സ്നേഹപ്രകടനം നടത്തിയിട്ടും അന്നദാനം നടത്തിയിട്ടും എന്ത് പ്രയോജനമാണ് ഉണ്ടാവുക .?
സംഘടനയ്ക്ക് ആവശ്യമുള്ള ഇന്നത്തെ സമയത്ത് തന്നെ നമ്മൾ സംഘടനയ്ക്കൊപ്പം നിൽക്കണം.
നമ്മുടെ പ്രവർത്തനങ്ങളിലൂടെ നമ്മുടെ ആത്മാർത്ഥത തെളിയിക്കാം.
നീതിക്കായി അവകാശങ്ങൾക്കായി സാധാരണ മനുഷ്യനായി
ഒറ്റക്കെട്ടായി മുന്നോട്ട് പോകാം.
നന്ദി.
ചെയർമാൻ
ജോൺസൺ പുല്ലുത്തി
Humanistic Rights Protection Movement (HRPM)