2026 / 02 / നമ്പർ 3 പ്രകാരമുള്ള അറിയിപ്പ് :
നമസ്കാരം,
ഞാൻ ജോൺസൺ പുല്ലുത്തി.
നമ്മുടെ സംഘടന ഇനി എങ്ങനെയാണ് മുന്നോട്ട് പോകേണ്ടത് എന്ന കാര്യത്തിൽ ചില പ്രധാന കാര്യങ്ങൾ പങ്കുവയ്ക്കുകയാണ്.
നാം ഓരോരുത്തരും വ്യത്യസ്തമായ വീടുകളിലും വ്യത്യസ്തമായ അമ്മമാരിലും ജനിച്ചവരാണ്.
അതുകൊണ്ടുതന്നെ സ്വഭാവങ്ങളിലും ചിന്താഗതികളിലും വ്യത്യാസങ്ങൾ സ്വാഭാവികമാണ്.
എല്ലാവരെയും ഒരേ സ്വഭാവത്തിലേക്ക് കൊണ്ടുവരുക അസാധ്യമാണ്. അതിനാൽ ആരും ആരെയും കുറ്റപ്പെടുത്തുന്നതിലൂടെ പ്രത്യേക ഫലമൊന്നും ഉണ്ടാകില്ല.
ചൊട്ടയിലെ ശീലം ചുടല വരെ
എന്ന പഴമൊഴി പോലെ ഓരോരുത്തരും പഠിച്ച വഴികളിലാണ് സാധാരണയായി മുന്നോട്ട് പോകുന്നത്. ഒരാളെ തിരുത്താൻ ശ്രമിക്കുമ്പോൾ ശ്രമിക്കുന്നവർക്കാണ് കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നത്.
എന്നാൽ ഒരു മനുഷ്യാവകാശ സംഘടനയിൽ അംഗമാകുമ്പോൾ ആ സംഘടനയുടെ ഭരണഘടന അംഗീകരിക്കേണ്ടത് അടിസ്ഥാന തത്വമാണ്.
ഭരണഘടനയെ എല്ലാവരും ഒരുപോലെ അംഗീകരിച്ച് മുന്നോട്ട് പോയാൽ സംഘടന സ്വർഗ്ഗംപോലെ മുന്നേറും.
എന്നാൽ ചിലപ്പോൾ ആ അടിസ്ഥാന തത്വങ്ങൾ ചിലർക്കു അംഗീകരിക്കാൻ ബുദ്ധിമുട്ടാകാം. അവരെ കുറ്റപ്പെടുത്തി അംഗീകരിപ്പിക്കാമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്.
ജനാധിപത്യരീതിയിൽ എല്ലാം ചർച്ച ചെയ്ത് തീരുമാനത്തിലെത്തുക എന്നത് ആശയത്തിൽ നല്ലതാണെങ്കിലും പ്രായോഗികതയിൽ പല സാഹചര്യങ്ങളിലും അത് സാധ്യമല്ലെന്ന് അനുഭവങ്ങൾ തെളിയിച്ചിട്ടുണ്ട്.
ചിലർ സ്വന്തം തെറ്റുകൾ മറ്റൊരാളുടെ മേൽ ചുമത്തി അതിനെ ശരിയെന്നു സ്ഥാപിക്കാൻ വാഗ്മിത്വം ഉപയോഗിക്കുന്നതും കാണാറുണ്ട്.
ആ കഴിവ് സമൂഹഹിതത്തിനായി ഉപയോഗിച്ചാൽ മഹത്തായ കാര്യമാകും പക്ഷേ പലപ്പോഴും അത് സംഭവിക്കുന്നില്ല.
ഇത്തരം സാഹചര്യങ്ങളിലൂടെയും നമ്മുടെ പ്രസ്ഥാനം നിലനിൽക്കേണ്ടത് സാധാരണക്കാരായ പൗരന്മാർക്കായാണ്.
പണവും സ്വാധീനവും ഇല്ലാത്തവർക്ക് നഷ്ടപ്പെടുന്ന നിയമാനുകൂല്യങ്ങളും അവകാശങ്ങളും തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണ് നമ്മുടെ ലക്ഷ്യം.
ഇന്ന് സമൂഹത്തിൽ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്ന രീതിയിലാണ് ഭരണസംവിധാനങ്ങൾ പ്രവർത്തിക്കുന്നത്.
ഒരുപക്ഷേ അടിമത്തത്തിന്റെ ഒരു നവരൂപകാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
ഇത്തരം സാഹചര്യത്തിൽ മുഖത്തോട് മുഖം നിന്നു ചോദ്യം ചെയ്യാനും പ്രതികരിക്കാനും നമുക്ക് സംഘടിത ശക്തി ആവശ്യമുണ്ട്.
സംഘടനയുടെ പുതിയ നിലപാട് ഒരു വാക്സിൻ സംവിധാനം :
സംഘടനയെ ബാധിക്കുന്ന ദോഷങ്ങളെ ഒഴിവാക്കാൻ ഒരു ശക്തമായ നടപടിക്രമം സ്വീകരിക്കാൻ തീരുമാനിച്ചിരിക്കുന്നു.
സംഘടനയുടെ ഭരണഘടനയ്‌ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന അംഗങ്ങളെ തിരിച്ചറിഞ്ഞാൽ ചെയർമാൻ വിവേചനാധികാരം ഉപയോഗിച്ച് ഉടൻ നടപടി സ്വീകരിക്കും. ആ തീരുമാനത്തിന് ശേഷം ചർച്ചകളോ ചോദ്യം ചെയ്യലുകളോ ഉണ്ടാകില്ല.
ആരെങ്കിലും ചില നാളുകളിൽ ഗ്രൂപ്പിൽ നിന്നും അപ്രത്യക്ഷമാകുകയാണെങ്കിൽ അതുമായി ബന്ധപ്പെട്ട് ആവശ്യക്കാർക്ക് വ്യക്തമായ മറുപടി നൽകും. അതിന് മീതെ ചർച്ചകൾ ഉണ്ടാകില്ല.
ഇത് സമ്പൂർണ്ണ ജനാധിപത്യത്തിന് പകരം കേന്ദ്രീകൃത ജനാധിപത്യ രീതിയാണ്. ഇനി മുതൽ ഈ സംവിധാനം കൃത്യമായി നടപ്പിലാക്കുന്നതായിരിക്കും.
ചില നിർദ്ദേശങ്ങൾ
ആരും ആരെയും കുറ്റപ്പെടുത്തരുത്. കുറ്റപ്പെടുത്തുന്നവർ ഒറ്റപ്പെടും.
ഏൽപ്പിച്ച ഉത്തരവാദിത്വം മാതൃകാപരമായി നിർവഹിക്കുക; സംഘടന പൂർണ്ണ പിന്തുണ നൽകും
വ്യക്തിപരമായ ജീവിതത്തിലേക്ക് ഇടപെടരുത്. മനുഷ്യാവകാശ പ്രവർത്തനം സദാചാര നിയന്ത്രണമല്ല.
യോഗങ്ങളിലും ക്യാമ്പയിനുകളിലും പങ്കെടുക്കുന്നത് ഓരോ അംഗത്തിന്റെയും ഉത്തരവാദിത്വമാണ്.
സ്വന്തം സ്വാർത്ഥ താൽപര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന അംഗങ്ങൾ പ്രസ്ഥാനത്തിന് ദോഷകരമാണ്.
ഗ്രൂപ്പിൽ വിഷയങ്ങൾ ചർച്ച ചെയ്യാം; എന്നാൽ വ്യക്തിപരമായ തർക്കങ്ങൾ ഒഴിവാക്കണം. ചട്ടലംഘനം ഉണ്ടായാൽ ചെയർമാനോ വൈസ് ചെയർമാനോ മറുപടി നൽകും.
മദ്യപാനം, സ്ത്രീ-പുരുഷ ബന്ധം, രാഷ്ട്രീയ പ്രവർത്തനം, ജാതീയ കാഴ്ചപ്പാട് എന്നിവയെക്കുറിച്ച് സംഘടന ഇതുവരെ വിലക്ക് പ്രഖ്യാപിച്ചിട്ടില്ല.
എന്നാൽ ഇത്തരം കാര്യങ്ങൾ സംഘടനയുടെ മാന്യതയെ ബാധിക്കാത്ത വിധം മാത്രമേ ഉണ്ടായിരിക്കാവൂ.
സംഘടനയുടെ മാന്യതയ്ക്ക് ദോഷം വരുത്തുന്ന പ്രവൃത്തികൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകും.
മനുഷ്യരായതിനാൽ തെറ്റുകൾ സംഭവിക്കാം. എന്നാൽ അതിനെ മാന്യതയോടെ കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്വം നമ്മുടേതാണ്
എന്നെക്കുറിച്ച് സംശയങ്ങൾ ഉള്ളവർ നേരിട്ട് എന്നെ സമീപിക്കാം. എന്റെ ജീവിതവും , പൊതുപ്രവർത്തനവും, തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തിപരമായി വിശദീകരിക്കാൻ എനിക്ക് മടിയില്ല.
ഒരു വ്യക്തിയെ മനസ്സിലാക്കാൻ മൂന്നാമത് ഒരു ആൾ ആവശ്യമില്ല. നേരിട്ട് സംസാരിച്ചാൽ മാത്രമേ ഏകോപനം ഉണ്ടാകൂ. ഇത് നമ്മളൊരൊരുത്തരുടെയും കാര്യത്തിൽ ശരിയാണ്.
മൂന്നാമതൊരാൾ പറയുന്നത്
അവരുടെ ബുദ്ധിക്കും വിവേകത്തിനും വിധേയമായി മനസ്സിലാക്കിയതായിരിക്കും
അതെല്ലാം ശരിയായിരിക്കുമെന്നില്ല .
എന്റെ തൊഴിൽ ഇലക്ട്രിക്കൽ കോൺട്രാക്ട് മേഖലയിലാണ്.
നിരവധി വീടുകളിലും കുടുംബങ്ങളുമായും നല്ല ബന്ധങ്ങൾ നിലനിൽക്കുന്നു.
മാത്രമല്ല സംഘടനയുമായി ബന്ധപ്പെട്ട ബന്ധങ്ങളും
വ്യക്തിപരമായ സ്ത്രീ പുരുഷ സൗഹൃദങ്ങളും ആവശ്യത്തിലേറെ
നിലനിൽക്കുന്നു.
ആ ബന്ധങ്ങൾ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. ആ ബന്ധങ്ങൾ തകർക്കാൻ
നമ്മുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരുവൾ
തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് അങ്ങേയറ്റം ശ്രമിച്ചിട്ടും യാഥാർത്ഥ്യമായ
ഒരു ബന്ധവും തകരാൻ കഴിഞ്ഞിട്ടില്ല.
സംഘടനയ്ക്കകത്ത് ചിലർ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമിച്ച സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാൽ സത്യത്തിന് ശക്തിയുണ്ട്.
എന്ന് തെളിയിച്ച സംഭവവികാസങ്ങളാണ് ഉണ്ടായിട്ടുള്ളത് .
ഈ കാര്യങ്ങൾ എല്ലാം പങ്കുവയ്ക്കുന്നത് ഒരു വ്യക്തിയെ വിലയിരുത്തുന്നതിന് മുൻപ് ആ വ്യക്തിയെ മനസ്സിലാക്കാൻ ശ്രമിക്കണം എന്ന സന്ദേശം നൽകാനാണ്.
ഇനി മുതൽ സംഘടന സ്വീകരിക്കുന്ന നിലപാടുകൾ എല്ലാവരും ഗൗരവത്തോടെ മാനിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സ്നേഹത്തോടെ.
ജോൺസൺ പുല്ലുത്തി
ചെയർമാൻ