HRPM ഔദ്യോഗിക പ്രസ്താവന :
നീതിക്കുവേണ്ടിയുള്ള നിലപാടിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ല . പരാതിക്കാരനും പ്രതിക്കും തുല്യനീതി ഉറപ്പാക്കണം
പ്രിയ സുഹൃത്തുക്കളെ :
എന്റെ ഓരോ പ്രവർത്തനവും കൃത്യമായി പരിശോധിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഞാൻ വ്യക്തിപരമായും, ഞാൻ നേതൃത്വം നൽകുന്ന സംഘടനയായ HRPM-ഉം പൊതുസമൂഹത്തിന് നൽകുന്നുണ്ട് . ഞങ്ങളുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും നിലനിർത്തുക എന്നതാണ് ഞങ്ങളുടെ പ്രത്യേകത.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തുടർച്ചയായി മൂന്ന് വീഡിയോകളിലൂടെ ഞാൻ ചില വിഷയങ്ങളിൽ വ്യക്തമായ നിലപാട് പൊതുസമൂഹത്തിൻ്റെ മുന്നിൽ അവതരിപ്പിച്ചിരുന്നു.
നീതിയുടെയും ആത്മാർത്ഥതയുടെയും ഭാഗത്ത് തല ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ആ കാര്യങ്ങൾ പറഞ്ഞത്. അതിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടുപോകാൻ ഞങ്ങൾ തയ്യാറല്ല. അത് വ്യക്തിപരമായ ഒരു നിലപാട് മാത്രമല്ല :
HRPM-ന്റെ അടിസ്ഥാന നിലപാടാണ്.
അന്ന് ഞാൻ പറഞ്ഞ ഒരു വാക്ക് വീണ്ടും ഓർമ്മിപ്പിക്കുകയാണ്:
വടി തന്നാൽ അതേ വടി ഉപയോഗിച്ച് വീണ്ടും പ്രതികരിക്കും.
അതുകൊണ്ട് അനീതിക്കും തെറ്റായ പ്രവൃത്തികൾക്കും എതിരെ ഉയരുന്ന ശബ്ദങ്ങളെ തടയുന്നതിനുപകരം
ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ഉത്തരവാദിത്തമാണ് ബന്ധപ്പെട്ടവർ ഏറ്റെടുക്കേണ്ടത്.
വിമർശനത്തിന് മറുപടി ആരോപണമല്ല : സത്യസന്ധമായ വിശദീകരണമാണ്.
തെറ്റുകൾ ചൂണ്ടിക്കാണിക്കപ്പെടുമ്പോൾ അതിനെ വസ്തുതാപരമായി പരിശോധിക്കുകയും ആവശ്യമായ വിശദീകരണം നൽകുകയും ചെയ്യുന്നതിന് പകരം ആരോപണം ഉന്നയിക്കുന്നവരെ അപകീർത്തിപ്പെടുത്തുകയോ അവർക്കെതിരെ പുതിയ ആരോപണങ്ങൾ ഉയർത്തുകയോ ചെയ്യുന്ന പ്രവണത സമൂഹത്തിൽ ഉണ്ടാകുന്നുവെന്നത് ഗൗരവമായി കാണേണ്ട വിഷയമാണ്.
ഒരു വ്യക്തിക്കെതിരെയോ സംഘടനയ്ക്കെതിരെയോ ആരോപണം ഉയർന്നാൽ അതിന്റെ സത്യാവസ്ഥ അന്വേഷിക്കുകയാണ് വേണ്ടത്. ആരോപണം ഉന്നയിച്ച വ്യക്തിയെ തന്നെ ഇല്ലാതാക്കുകയോ അപമാനിക്കുകയോ ചെയ്യുന്നത് നീതിയുടെ രീതിയല്ല.
ആരോപണം ശരിയാണെങ്കിൽ നിയമപരമായ നടപടി വേണം: തെറ്റാണെങ്കിൽ വസ്തുതകളുടെ അടിസ്ഥാനത്തിൽ അത് തെളിയിക്കണം.
ഇതാണ് ഞങ്ങളുടെ നിലപാട്.
ഹോട്ടൽ സംഭവവുമായി ബന്ധപ്പെട്ട് ഉയർന്ന ഗുരുതരമായ ആശങ്ക:
കഴിഞ്ഞ ദിവസം ഞാൻ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഒരു ഹോട്ടലിൽ ഷിജു അരീക്കൽ എന്ന വ്യക്തി എത്തി എന്റെ വീഡിയോ പകർത്തി കൊണ്ടുപോയ സംഭവമുണ്ടായി. ആ വിഷയം ചർച്ചയായതിനെ തുടർന്ന് അതേ ഹോട്ടലിൽ എത്തി ഹോട്ടൽ ഉടമയോട് മോശമായി സംസാരിക്കുകയും ഹോട്ടൽ പൂട്ടിപ്പിക്കുമെന്ന തരത്തിലുള്ള ഭീഷണി ഉയർത്തുകയും ചെയ്തതായി ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.
ഈ സംഭവം ഗൗരവമായി പരിശോധിക്കപ്പെടേണ്ടതാണ്.
ഈ ഹോട്ടൽ ആരംഭിച്ച കാലം മുതൽ തന്നെ ഞാനും നമ്മുടെ നിരവധി സഹപ്രവർത്തകരും അവിടെ ഭക്ഷണം കഴിച്ചുവരുന്നവരാണ്. ഒരു കാലഘട്ടത്തിൽ പുതുക്കാട് പ്രദേശത്ത് നല്ല ഭക്ഷണം ലഭിക്കുന്ന പ്രധാന സ്ഥാപനങ്ങളിൽ ഒന്നായിരുന്നു അത്. ഇന്നും നിരവധി സാധാരണക്കാർ ആശ്രയിക്കുന്ന സ്ഥാപനമാണത്. മാന്യമായ പെരുമാറ്റത്തോടെയും ഭക്ഷണത്തിന്റെ ഗുണനിലവാരം കാത്തുസൂക്ഷിച്ചും പ്രവർത്തിക്കുന്ന ഒരു ഹോട്ടൽ ഉടമയെ ഭീഷണിപ്പെടുത്തിയതായി പറയപ്പെടുന്ന സംഭവം വ്യക്തിപരമായ വൈരാഗ്യത്തിൻ്റെയോ , മറ്റേതെങ്കിലും ഉദ്ദേശ്യത്തോടെയോ ഉണ്ടായതല്ല മറിച്ച് താൻ ചെയ്ത തെറ്റിനെ ന്യായീകരിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടന്നത്.
ഇത്തരം വ്യക്തികൾ നാട്ടിൽ ഇറങ്ങി എന്ത് നിയമവിരുദ്ധ പ്രവർത്തി ചെയ്താലും അവർക്കെതിരെ യാതൊരുവിധ നിയമ നടപടികളും ഉണ്ടാവുകയില്ല എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ടാണ്
ഇവരെപ്പോലുള്ളവർ നാട്ടിൽ വിലസുന്നത്.
ഇത്തരം വ്യക്തികൾക്കെതിരെ
മറ്റു പൗരന്മാരിൽ നിന്നും പോലീസ് സ്റ്റേഷനുകളിൽ പരാതികൾ എത്തുമ്പോൾ
നിഷ്പക്ഷമായി അന്വേക്ഷണം നടത്തി
ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കാത്ത സാഹചര്യം ഉണ്ടാകുമ്പോഴാണ് ഇത്തരത്തിലുള്ള ആളുകൾ നാട്ടിൽ വളർന്നുവരുന്നത്.
ഒരു സ്വകാര്യ സ്ഥാപനത്തിൽ ഒരാൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ പുറത്തുനിന്ന് മറ്റൊരാൾ ബോധപൂർവ്വം അകത്ത് പ്രവേശിച്ച് വീഡിയോ പകർത്തുകയും പിന്നീട് ആ വീഡിയോയ്ക്ക് തെറ്റായ സന്ദേശങ്ങൾ ചേർത്ത് പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ നിയമസാധുതയും സ്വകാര്യതാ അവകാശങ്ങളുമായി ബന്ധപ്പെട്ട വശങ്ങളും ബന്ധപ്പെട്ട അധികാരികൾ പരിശോധിക്കേണ്ടതാണ്.
അതുപോലെ തന്നെ തുടർന്ന് അതേ സ്ഥാപനത്തിലെ ഉടമയോട് ഭീഷണിപ്പെടുത്തുന്ന രീതിയിൽ പെരുമാറിയിട്ടുണ്ടെങ്കിൽ അതിനും നിയമാനുസൃതമായ അന്വേഷണം ആവശ്യമാണ്.
ഈ സമീപകാലഘട്ടത്തിൽ ഗൗരവ സ്വഭാവമുള്ള വിഷയങ്ങളിൽ പരാതികൾ ഉണ്ടായിട്ടുണ്ട്. എന്നാൽ പരാതികൾക്ക് മേൽ നീതിയുക്തമായ
നിലപാടുകൾ സ്വീകരിക്കുന്നതിൽ
പോലീസിന്റെ ഭാഗത്ത് വലിയ രീതിയിലുള്ള വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്.
ഒരു പരാതിക്കാരനെ സംബന്ധിച്ചിടത്തോളം
മാനസിക തകർച്ചയ്ക്ക് കാരണമാകുന്ന
വിഷയങ്ങളിലായിരുന്നു പരാതി. ആവലാതിപ്പെടന്നവർക്ക് നീതി ലഭിക്കുക എന്നത്
അവരുടെ അവകാശമാണ്.
ക്രിമിനൽ കുറ്റകൃത്യം ചെയ്തവർക്ക് മുൻപിൽ
നീതി ലഭിക്കാൻ അർഹതപ്പെട്ട ആവലാതിക്കാർ അവഗണിക്കപ്പെട്ടതിന്റെ
പേരിൽ പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥനായ
ബഹുമാനപ്പെട്ട DGP ക്ക് പരാതികൾ നൽകിയെങ്കിലും ഇപ്പോഴും പരാതിക്കാർക്ക് നീതി ലഭിക്കുന്ന സാഹചര്യത്തിലേക്ക് എത്തിയിട്ടില്ല.
പരാതിക്കാരൻ തന്നെ പ്രതിയാകുന്ന സാഹചര്യം അവസാനിക്കണം:
ഇവിടെ ഉയരുന്ന ഏറ്റവും വലിയ ചോദ്യം ഇതാണ്:
ഒരു സാധാരണക്കാരൻ പരാതി നൽകുമ്പോൾ അയാളുടെ പരാതി ഗൗരവത്തോടെ അന്വേഷിക്കപ്പെടുന്നുണ്ടോ???
അല്ലെങ്കിൽ പരാതി ലഭിച്ച ശേഷം പരാതിക്കാരനെതിരെ തന്നെ നിരവധി ആരോപണങ്ങൾ ഉന്നയിക്കപ്പെടുകയും അതിലൂടെ യഥാർത്ഥ പരാതിയിൽ നിന്ന് അന്വേഷണം വഴിതിരിച്ചുവിടപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുന്നുണ്ടോ???
ഒരു പരാതിക്കാരനെതിരെ എത്ര ആരോപണങ്ങൾ ഉയർന്നാലും അതുകൊണ്ട് അയാൾ ഉന്നയിച്ച ആദ്യ പരാതിയുടെ അന്വേഷണം അവസാനിപ്പിക്കാനാവില്ല.
പരാതി വേറെയും ആരോപണം വേറെയും അന്വേഷിക്കണം.
പ്രതിക്കെതിരെ പരാതി ലഭിച്ചാൽ പ്രതിക്ക് നിയമപരമായ അവകാശങ്ങൾ ഉറപ്പാക്കണം. അതുപോലെ പരാതിക്കാരനും നിയമപരമായ സംരക്ഷണവും നീതിയും ഉറപ്പാക്കണം.
പ്രതി എന്ന പേരിൽ ഒരാൾക്ക് ലഭിക്കുന്ന പരിഗണനയും പരാതിക്കാരൻ എന്ന നിലയിൽ ഒരാൾക്ക് ലഭിക്കുന്ന പരിഗണനയും തമ്മിൽ വിവേചനം ഉണ്ടാകരുത്.
സർക്കാർ മാറുന്നതുമാത്രം പോരാ സംവിധാനവും മാറണം.
ഭരണകൂടങ്ങൾ മാറുന്നതുകൊണ്ട് മാത്രം ജനങ്ങൾക്ക് പൂർണ്ണമായ നീതി ലഭിക്കില്ല.
ജനങ്ങൾക്ക് നീതി ലഭിക്കണമെങ്കിൽ സർക്കാർ സംവിധാനത്തിനൊപ്പം പ്രവർത്തിക്കുന്ന
സർക്കാർ ഉദ്യോഗസ്ഥരും, പോലീസ് സംവിധാനവും ജനാധിപത്യപരമായ ഉത്തരവാദിത്തം കൂടുതൽ ശക്തമായി ഏറ്റെടുക്കേണ്ടതുണ്ട്.
പരാതിക്കാരന്റെ സാമൂഹിക സ്ഥാനം സാമ്പത്തിക സ്ഥിതി രാഷ്ട്രീയ സ്വാധീനം വ്യക്തിബന്ധങ്ങൾ എന്നിവ പരിഗണിക്കാതെ നിയമത്തിൻ്റെ മുന്നിൽ എല്ലാവരും തുല്യരാണ് എന്ന അടിസ്ഥാന തത്വം പ്രാവർത്തികമാകണം.
പരാതി നൽകുന്ന സാധാരണക്കാരന് ഏത് വ്യക്തിക്ക് നേരെയാണ് പരാതി നൽകുന്നത്.? എന്ന ഭയം ഉണ്ടാകരുത്.
സ്ത്രീകൾക്ക് എതിരായ പരാതികളിലും തുല്യനീതി വേണം:
സ്ത്രീകളുടെ സുരക്ഷയും മാന്യതയും സംബന്ധിച്ച വിഷയങ്ങളിൽ സമൂഹവും നിയമസംവിധാനവും അതീവ ഗൗരവമുള്ള സമീപനം സ്വീകരിക്കേണ്ടതാണ്.
ഒരു സ്ത്രീയുടെ മുഖത്തേക്ക് നോക്കിയതുമായി ബന്ധപ്പെട്ട് പോലും നിയമനടപടിയെക്കുറിച്ച് ശക്തമായ നിലപാടുകൾ പൊതുസമൂഹത്തിൽ ഉയരുന്ന സാഹചര്യത്തിൽ സ്ത്രീകൾക്ക് നേരെ നിരന്തരം അശ്ലീലവും ലൈംഗിക സ്വഭാവമുള്ളതുമായ ഫോൺവിളികളും സന്ദേശങ്ങളും ലഭിക്കുന്നതായി പരാതി ഉയർന്നാൽ അതിലും അതേ ഗൗരവം കാണിക്കേണ്ടതുണ്ട്.
ഒരു സ്ത്രീ പരാതി നൽകി മാസങ്ങൾ കഴിഞ്ഞു എന്നാൽ ഫലപ്രദമായ അന്വേഷണം ഉണ്ടായിട്ടില്ലെങ്കിൽ എന്തുകൊണ്ടാണ് നടപടി വൈകുന്നത്??? എന്ന ചോദ്യം സമൂഹം ഉന്നയിക്കുന്നത് സ്വാഭാവികമാണ്.
പൊതുരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടാകുന്നുവെങ്കിൽ അവരുടെ പരാതികളും അതേ ഗൗരവത്തോടെ പരിശോധിക്കേണ്ടതാണ്.
സ്ത്രീയെന്നോ പുരുഷനെന്നോ, സാധാരണക്കാരനെന്നോ പൊതുപ്രവർത്തകനെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യമായ നിയമസംരക്ഷണം ഉറപ്പാക്കണം.
ഈ സാഹചര്യത്തിലാണ് വരാനിരിക്കുന്ന ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം HRPM ഒരു പ്രധാന ജനകീയ വിഷയത്തിലേക്ക് പൊതുസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനായി ഉപയോഗപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.
സർക്കാർ മാറുന്നത് മാത്രം പോരാ ജനനന്മയ്ക്കായി ഉദ്യോഗസ്ഥ സംവിധാനവും മാറണം
എന്ന ആവശ്യം ഉയർത്തിപ്പിടിച്ചുകൊണ്ടായിരിക്കും ഞങ്ങളുടെ ക്യാമ്പയിൻ.
ഇന്ത്യ സ്വാതന്ത്ര്യം നേടിയ ദിനത്തിൽ ദേശീയപതാകയോടുള്ള ആദരവ് ഉയർത്തിപ്പിടിച്ചുകൊണ്ട് ജനങ്ങൾക്ക് ലഭിക്കേണ്ട നീതിയും അവകാശങ്ങളും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ജനാധിപത്യപരമായ പ്രതിഷേധമാണ് HRPM സംഘടിപ്പിക്കുന്നത്.
കാലങ്ങളായി പ്രതികൾ സംരക്ഷിക്കപ്പെടുകയും പരാതിക്കാർ നിരാശപ്പെടുകയും ചെയ്യുന്ന സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിൽ അത് അവസാനിക്കണം.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള ഭരണനേതൃത്വം ഇത്തരം വിഷയങ്ങൾ ഗൗരവമായി പരിശോധിക്കുകയും സാധാരണക്കാരുടെ പരാതികൾക്ക് സമയബന്ധിതവും സുതാര്യവുമായ പരിഹാരം ഉറപ്പാക്കുകയും വേണം.
HRPM-ന്റെ നിലപാട് വ്യക്തമാണ്:
ഞങ്ങൾ ആരുടെയും വ്യക്തിപരമായ ശത്രുക്കളല്ല.
ഞങ്ങളുടെ പോരാട്ടം വ്യക്തികൾക്ക് എതിരല്ല. അനീതിക്കും അഴിമതിക്കും അധികാര ദുരുപയോഗത്തിനും ഇരട്ടനീതിക്കും എതിരെയാണ്.
ആരിൽ നിന്നും ഒരു രൂപ പോലും വാങ്ങാതെ സ്വന്തം സമയവും അധ്വാനവും ഉപയോഗിച്ച് ജനങ്ങളുടെ അവകാശങ്ങൾക്കും നീതിക്കും വേണ്ടി പ്രവർത്തിക്കുന്ന പ്രവർത്തകരാണ് ഞങ്ങൾ.
അത്തരം പ്രവർത്തകരെയും സാധാരണക്കാരെയും സർക്കാർ സംവിധാനങ്ങളും പോലീസ് സംവിധാനവും അവഗണിക്കുന്ന സാഹചര്യം ഉണ്ടാകരുത്.
പരാതിക്കാരനെ കേൾക്കണം.
പ്രതിക്ക് നിയമപരമായ അവകാശം നൽകണം.
തെളിവുകൾ പരിശോധിക്കണം.
സത്യാവസ്ഥ കണ്ടെത്തണം.
നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാക്കണം.
ഇതാണ് ഞങ്ങളുടെ ആവശ്യം.
നീതിക്കുവേണ്ടിയുള്ള ഞങ്ങളുടെ നിലപാടിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ല.
ദേശീയപതാകയുടെ മഹത്വം ഉയർത്തിപ്പിടിച്ചുകൊണ്ട്
ജനാധിപത്യത്തിന്റെ അടിസ്ഥാനമായ നീതി, സമത്വം, നിയമവാഴ്ച, പൗരാവകാശം എന്നിവ സംരക്ഷിക്കണമെന്ന ആവശ്യവുമായി
(HRPM)
Humanistic Rights Protection Movement
2026 ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ ജനാധിപത്യപരമായ പ്രതിഷേധവുമായി മുന്നോട്ട് വരുന്നു.
സർക്കാർ മാറിയതു കൊണ്ടുമാത്രം പോരാ ജനനന്മയ്ക്കായി ഉദ്യോഗസ്ഥ സംവിധാനവും മാറണം.
പരാതിക്കാരനും പ്രതിക്കും തുല്യനീതി ഉറപ്പാക്കണം.
നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാകണം.
തികച്ചും സാമൂഹിക കാഴ്ചപ്പാടുള്ള
ഈ മുദ്രാവാക്യമാണ് ഞങ്ങൾ സമൂഹത്തിൻ്റെ മുമ്പാകെ മുന്നോട്ടുവക്കുന്നത്.
സംഘടനയ്ക്ക് വേണ്ടി
ചെയർമാൻ
ജോൺസൺ പുല്ലുത്തി.
