സ്റ്റുവർട്ട്  ഇന്നും മനസ്സിൽ തീരാത്ത ഒരു വിശപ്പിന്റെ ഓർമ്മ :

സ്റ്റുവർട്ട്  ഇന്നും മനസ്സിൽ തീരാത്ത ഒരു വിശപ്പിന്റെ ഓർമ്മ :

അന്ന് 20 രൂപ കൊടുത്താൽ പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള ജനകീയ ഹോട്ടലിൽ നിന്ന് ഒരു ഉച്ചഭക്ഷണം കഴിക്കാമായിരുന്നു. അതിന് തൊട്ടപ്പുറത്തുള്ള മറ്റൊരു ഹോട്ടലിൽ കയറിയാൽ അതേ ഭക്ഷണത്തിന് 60 രൂപ കൊടുക്കണം.

ജനകീയ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ എന്റെ മനസ്സിൽ ഒരു ചിന്തയായിരുന്നു

ഞാൻ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചാൽ അതേ പണത്തിൽ രണ്ട് മനുഷ്യർക്കെങ്കിലും ഒരു നേരത്തെ വിശപ്പ് മാറ്റാൻ കഴിയും.

അതുകൊണ്ടാണ് ഞാൻ അവിടെ നിന്ന് ഭക്ഷണം കഴിച്ചിരുന്നത്.

ഒരു ദിവസം ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ ഒരു ചെറുപ്പക്കാരൻ ഹോട്ടൽ ജീവനക്കാരിയോട് ചോദിച്ചു:

ചേച്ചി  ഒരു ഊണ് പാർസൽ എത്ര രൂപയാണ്?

25 രൂപ ജീവനക്കാരി പറഞ്ഞു.

അവൻ തന്റെ ചുരുട്ടിപ്പിടിച്ച കൈ പതുക്കെ തുറന്ന് നോക്കി. ഉള്ളത് 20 രൂപ മാത്രം.
ഒരു നിമിഷം അവന്റെ മുഖം മങ്ങിപ്പോയി.
അവൻ ഒന്നും പറയാതെ പുറത്തേക്ക് നടന്നു.

ഹോട്ടലിന്റെ പുറത്ത് നിന്നുകൊണ്ട് വീണ്ടും വീണ്ടും ആ 20 രൂപ എണ്ണിനോക്കുന്നത് ഞാൻ കണ്ടു.
അൽപസമയം കഴിഞ്ഞ് അവൻ തിരികെ വന്നു.

ഇവിടെ ഇരുന്ന് കഴിക്കാനെത്രയാണ് ചേച്ചി?

20 രൂപ.

അവൻ ഉടനെ കൈ കഴുകി ഭക്ഷണം കഴിക്കാൻ ഇരുന്നു.
എന്റെ മുൻവശത്തായിരുന്നു അവൻ ഇരുന്നത്.

പക്ഷേ എനിക്ക് ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ല.

കാരണം അവൻ ചോറു വാരി വാരി കഴിക്കുന്ന ആ ആവേശത്തിൽ നിന്ന്  അവന്റെ വിശപ്പിന്റെ ആഴം എത്ര ഭീകരമായിരുന്നുവെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.

വിശപ്പിന് ശബ്ദമില്ല.
പക്ഷേ അത് കാണുന്നവന്റെ നെഞ്ച് തകർക്കും.

ഞാൻ എഴുന്നേറ്റ് കൈ കഴുകി ഹോട്ടൽ ജീവനക്കാരിയായ ഉഷ ചേച്ചിയുടെ അടുത്തേക്ക് ചെന്നു.  എന്റെ പോക്കറ്റിലുണ്ടായിരുന്നത് ആകെ 380 രൂപ മാത്രം.

അതിൽ നിന്ന് 320 രൂപ ഞാൻ അവർക്കു നൽകി.

ഈ പയ്യൻ എപ്പോൾ വന്നാലും അവന് വേണ്ട ഭക്ഷണം കൊടുക്കണം. ഞാൻ ഇനിയും വരുമ്പോൾ ആവശ്യമായ പണം തന്നേക്കാം. ഇനി ഒരിക്കലും അവൻ വിശക്കുന്നവൻ ആകുത് .

അങ്ങനെ പറഞ്ഞാണ് ഞാൻ അവിടെ നിന്ന് ഇറങ്ങിയത്.

പക്ഷേ അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.

കാരണം ആ പയ്യനിൽ ഞാൻ കണ്ടത് അവന്റെ വിശപ്പിനെ മാത്രമല്ല…
ഒരു കാലത്ത് എന്റെ ജീവിതത്തെയും ആയിരുന്നു.

എന്നെ ബോധപൂർവം ഇല്ലാതാക്കാൻ ശ്രമിച്ച കാലങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.
അപമാനങ്ങൾക്കിടയിൽ മാർഗങ്ങൾ ഉണ്ടായിട്ടും തെറ്റായ വഴികൾ സ്വീകരിക്കാതെ ദിവസങ്ങളോളം ഭക്ഷണം പോലും കഴിക്കാതെ തൃശ്ശൂർ നഗരത്തിൽ അലഞ്ഞുനടന്ന ദിവസങ്ങൾ.

പച്ചവെള്ളവും അമ്പലത്തിലെ പ്രസാദവും കൊണ്ട് വിശപ്പ് അടക്കേണ്ടി വന്ന രാത്രികൾ.

ആ ഓർമ്മകൾ എല്ലാം ആ പയ്യനെ കണ്ട നിമിഷം എന്നിലേയ്ക്ക് തിരിച്ചുവന്നു.

അന്ന് രാത്രി ഞാൻ ഒരു തീരുമാനം എടുത്തു:

ഈ പയ്യൻ ആരാണെന്ന് കണ്ടെത്തണം.
അവന്റെ ജീവിതം എന്താണെന്ന് അറിയണം.

മൂന്നു നാലു ദിവസം ഞാൻ അവനെ അന്വേഷിച്ചു നടന്നു.

ഒരുദിവസം അവനെ കണ്ടെത്തി.

പകലുപോലും ഒരു മനുഷ്യന് കയറിച്ചെല്ലാൻ ഭയമുള്ള, കാട്ടുപോലെ മൂടിക്കിടക്കുന്ന ഒരു വീടിന്റെ ഉള്ളിൽ…
ആറ് ഇഷ്ടികക്കട്ടകൾക്ക് മീതെ ഒരു ഗ്രാനൈറ്റ് സ്ലാബ് വെച്ച്  അതിന്മുകളിൽ കിടന്നുറങ്ങുന്ന അവനെ കണ്ടപ്പോൾ
എന്റെ ഉള്ള് തകർന്നു.

ആറ് ഇഷ്ടികക്കട്ടകൾക്ക് മീതെ ഒരു ഗ്രാനൈറ്റ് സ്ലാബ് വെച്ച്  അതിന്മുകളിൽ കിടന്നുറങ്ങുന്നത് എന്തിനാണെന്ന ചിന്തകളിൽ നിന്നും അവൻ്റെ ബുദ്ധിയുടെ മണ്ഡലം എന്താണെന്നത്   കൃത്യമായി
ഞാൻ മനസ്സിലായി.

അന്ന് ഞാൻ ഒന്നും പറഞ്ഞില്ല.

പക്ഷേ ഒരു തീരുമാനം എടുത്തു:

ഇനി ഒരു ദിവസം പോലും ഈ പയ്യൻ ഇവിടെ കിടന്നുറങ്ങരുത്.

പിറ്റേന്ന് രാവിലെയോടെ ഞാൻ അവന്റെ അടുത്തെത്തി.
അവനെ കൂട്ടിക്കൊണ്ടുപോയി.
വസ്ത്രങ്ങൾ വാങ്ങിക്കൊടുത്തു.
ഭക്ഷണം നൽകി.
അവന്റെ എല്ലാ കാര്യങ്ങളും ചോദിച്ചറിഞ്ഞു.
ഡോക്ടറെ കാണിച്ചു.

തൃശ്ശൂർ ജില്ലാ ആശുപത്രിയിലെ ഒരു ഡോക്ടർ  പേര് ഇന്ന് ഓർമ്മയില്ല ( ഫയൽ നോക്കണം )അവന്റെ കാര്യത്തിൽ ഒരുപാട് സഹായിച്ചു.

അങ്ങനെ  ഈ സമൂഹം ഉപേക്ഷിച്ചിരുന്ന ഒരു ചെറുപ്പക്കാരനെ………
വീണ്ടും മനുഷ്യരുടെ ഇടയിലേക്ക് കൊണ്ടുവരാൻ എനിക്ക് കഴിഞ്ഞു . “ദൈവത്തിനു നദി”

പക്ഷേ പിന്നീട് കാര്യങ്ങൾ മാറി.

അവന്റെ പ്രശ്നങ്ങൾ കുറയാൻ തുടങ്ങിയപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും രാഷ്ട്രീയ സഹപ്രവർത്തകരും ഒക്കെ വീണ്ടും അവന്റെ ചുറ്റും എത്തി.
അവൻ പതിയെ എന്റെ കൈകളിൽ നിന്ന് അകന്നു.

അതിന് ശേഷം മാസങ്ങൾ മാത്രം…

ഒടുവിൽ ഈ മനസ്സാക്ഷിയില്ലാത്ത ലോകത്തിൽ നിന്ന് അവനും യാത്രയായി.

അമ്മയും അപ്പച്ചനും പോയ അതേ വഴിയിലേക്ക്.

പക്ഷേ അത് അവൻ തന്നെ തിരഞ്ഞെടുത്ത ഒരു യാത്രയായിരുന്നു.

എന്നാലും…

അവസാന നിമിഷങ്ങളിലും അവൻ എന്നെ മറന്നില്ല.

ഒരു രാത്രി പത്തരയോടെ അവൻ വീട്ടിലേക്ക് ഓടിക്കയറി വന്ന് എന്റെ കട്ടിലിൽ ഇരുന്നു.

എന്താ സ്റ്റുവർട്ടേ? ഞാൻ ചോദിച്ചു.

ഒന്നുമില്ല ചേട്ടാ… വെറുതെ വന്നതാണ്.

എടാ  അവിടെ ഭക്ഷണം ഇരിപ്പുണ്ട്. എടുത്തു കഴിക്ക്.

അപ്പോൾ അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു:

ചേട്ടാ ഒരു കല്യാണത്തിന് പോകുന്ന വഴിയിലാണ്.
പക്ഷേ ജോൺസൻ ചേട്ടനെ ഒന്നു കാണണം എന്ന് തോന്നി… അതുകൊണ്ട് കയറിയതാണ്.

ആ വാക്കുകളിൽ മരണത്തിന്റെ ഒരു നിഴലും ഞാൻ കണ്ടില്ല.
അവന്റെ കണ്ണുകളിലും ഭാവങ്ങളിലും ഒന്നും സംശയിക്കാനായില്ല.

കണ്ടിരുന്നുവെങ്കിൽ…
ഒരുപക്ഷേ ഇന്നും അവൻ ജീവനോടെ ഉണ്ടാകുമായിരുന്നോ.

അതൊരു തീരാത്ത നീറ്റലായി ഇന്നും മനസ്സിലുണ്ട്.

കാരണം, മനുഷ്യരെ സ്നേഹിക്കാൻ അവനെപ്പോലെ കഴിവുള്ള ഒരാളെ ഞാൻ ജീവിതത്തിൽ വളരെ വിരളമായിട്ടാണ് കണ്ടിട്ടുള്ളത്.

അവൻ ശരിക്കും ദൈവത്തിന്റെ മകനായിരുന്നു.

പക്ഷേ, ആ സത്യത്തെ തിരിച്ചറിയാൻ കഴിയാത്തവരാണ് ഈ സമൂഹത്തിൽ കൂടുതലുള്ളത്.
തിരിച്ചറിഞ്ഞവരിൽ പലർക്കും ഒന്നും ചെയ്യാൻ തയ്യാറായതുമില്ല.

ഇന്ന് ഞാൻ വിശ്വസിക്കുന്നത് ഒറ്റ കാര്യമാത്രമാണ്:

ദൈവം അവനുവേണ്ടി തീരുമാനിച്ച വഴിയിലൂടെയാകും അവൻ നടന്നത്.

പക്ഷേ സ്റ്റുവർട്ട് എന്ന പേര്…
വിശപ്പോടെ ചോറ് വാരി വാരി കഴിച്ച ആ മുഖം…
എന്റെ ജീവിതം അവസാനിക്കുന്ന ദിവസം വരെ എന്നെ വിട്ടുപോകില്ല.

— ജോൺസൻ പുല്ലുത്തി
സ്റ്റുവർട്ടിന്റെ ഓർമ്മകളിൽ…

Leave a Reply

Your email address will not be published. Required fields are marked *