കേരളം ചിന്തിക്കുന്നു: വോട്ട് വികസനത്തിനോ അതോ വെറും വാഗ്ദാനങ്ങൾക്കോ?:

കേരളം ചിന്തിക്കുന്നു: വോട്ട് വികസനത്തിനോ അതോ വെറും വാഗ്ദാനങ്ങൾക്കോ?:

ജനപക്ഷത്തുനിന്നുള്ള രാഷ്ട്രീയ വിശകലനം: HRPM :

കേരളത്തിന്റെ ഭാവി നിർണ്ണയിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ പതിവ് രാഷ്ട്രീയ നാടകങ്ങൾക്കും ചെളിവാരി എറിയലുകൾക്കും അപ്പുറം സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്ന യഥാർത്ഥ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടേണ്ട സുപ്രധാന നിമിഷമാണിത്.  അഴിമതിയും,
വിശ്വാസ വഞ്ചനയും, അവഗണനയും, തട്ടിപ്പുമില്ലാത്ത ജനങ്ങളോട് പ്രതിബദ്ധതയുള്ള ജനപ്രതിനിധികളെ തിരഞ്ഞെടുക്കാൻ ഹ്യൂമനിസ്റ്റിക് റൈറ്റ്‌സ് പ്രൊട്ടക്ഷൻ മൂവ്‌മെന്റ് (HRPM) കേരളത്തിലെ വോട്ടർമാരോട് ആഹ്വാനം ചെയ്യുന്നു.

സൗജന്യങ്ങളുടെയും നടപ്പിലാക്കാത്ത വാഗ്ദാനങ്ങളുടെയും പിന്നാലെ പോയി വോട്ടർമാർ സ്വന്തം അന്തസ്സ് പണയപ്പെടുത്തരുതെന്ന ഓർമ്മപ്പെടുത്തലോടെയാണ് ഈ വിശകലനം ആരംഭിക്കുന്നത്.

പുതുക്കാട്: ഭരണപരാജയത്തിന്റെ നേർച്ചിത്രം :

HRPM-ന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന പുതുക്കാട് മണ്ഡലത്തിലെ സാഹചര്യം ഏറെ സങ്കീർണ്ണമാണ്. പ്രധാന മുന്നണികളുടെ രാഷ്ട്രീയ നിലപാടുകൾ പരിശോധിക്കുമ്പോൾ ജനവിരുദ്ധമായ പല കാര്യങ്ങളും ദൃശ്യമാണ്.

ഭരണപരാജയം: കഴിഞ്ഞ അഞ്ച് വർഷം പഞ്ചായത്ത് ഭരിച്ച യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രവർത്തനങ്ങളിൽ എടുത്തുപറയാവുന്ന വികസനങ്ങളൊന്നുമില്ല. എ.സി ക്യാബിനുകൾക്കുള്ളിലെ ഭരണത്തിന് അപ്പുറം സാധാരണക്കാർ നേരിടുന്ന കുടിവെള്ളം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഗണിക്കപ്പെട്ടില്ല. പുതുക്കാട് ജംഗ്ഷൻ വികസനത്തിനായി ഏറ്റെടുത്ത ഭൂമി സ്വകാര്യ വ്യക്തികൾ കൈയ്യേറിയപ്പോൾ അവർക്ക് അനുകൂലമായ നിലപാടാണ് അധികാരികൾ സ്വീകരിച്ചത്.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം: ചെങ്ങാലൂരിലെ ഡിസ്പെൻസറി മാസങ്ങളായി പ്രവർത്തിക്കാൻ കഴിയാതെ
അവസ്ഥയിലായതും,
ജനസാന്ദ്രതയുള്ള പുതുക്കാട് ജംഗ്ഷനിൽ ഒരു പൊതു ടോയ്‌ലറ്റ് പോലും നിർമ്മിക്കാൻ കഴിയാത്തതും,
മറ്റു പഞ്ചായത്തുകളിലെ
പൊതുജനങ്ങൾക്ക് ഗുണകരമാകുന്ന കുടിവെള്ള പദ്ധതി മുടങ്ങിപ്പോയതും ഭരണപരാജയത്തിന്റെ തെളിവാണ്.
പഞ്ചായത്ത് രാജ് ആക്ട് പ്രകാരം കൈയ്യേറ്റങ്ങൾക്കെതിരെ ഔദ്യോഗിക മെമ്മോ നൽകിയിട്ടും അത് നടപ്പിലാക്കാൻ കഴിയാത്ത ഭരണാധികാരിയാണ് പുതുക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി.

വിവേചന രാഷ്ട്രീയം:
വികസന കാര്യങ്ങളിൽ ശ്രദ്ധാലുവാണെന്ന
കാര്യത്തിൽ സംശയമില്ല എങ്കിലും മുൻ എം.എൽ.എയുടെ പ്രവർത്തനങ്ങളിൽ പലപ്പോഴും സ്വന്തം പാർട്ടിക്കാരോടുള്ള താൽപ്പര്യം മാത്രമാണ് പ്രകടമാകുന്നത്. സാധാരണക്കാരെയും അഴിമതിയില്ലാത്ത പൊതുപ്രവർത്തകരെയും സാംസ്കാരിക സംഘടനകളെയും ചേർത്തുപിടിക്കുന്നതിൽ ഇവർ പരാജയപ്പെടുന്നു.

പ്രതിപക്ഷങ്ങളുടെ നിസ്സംഗത:
എൻ.ഡി.എ സ്ഥാനാർത്ഥിയുടെ
പ്രവർത്തകർ പ്രാദേശിക വിഷയങ്ങളിൽ ഇടപെടുന്നുണ്ടെങ്കിലും കൈയ്യേറ്റം പോലുള്ള ഗൗരവമേറിയ കാര്യങ്ങളിൽ
പ്രധാന നേതൃത്വം മൗനം പാലിക്കുന്നത് തിരിച്ചടിയാണ്. വികസന പോരായ്മകൾ ചൂണ്ടിക്കാണിക്കുന്നതിൽ ആം ആദ്മി പാർട്ടി (AAP) പോലുള്ള സംഘടനകളും പൂർണ്ണമായും പരാജയപ്പെട്ടു.

അവഗണിക്കപ്പെടുന്ന പ്രാദേശിക പ്രശ്നങ്ങൾ :
പുതുക്കാട് റെയിൽവേ മേൽപ്പാലം വൈകുന്നത് മുതൽ ആമ്പല്ലൂരിലെ അടിപ്പാത, ടോൾ പ്ലാസയിലെ തിരക്ക്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിനോടുള്ള അവഗണന എന്നിവ ജനങ്ങളെ വലയ്ക്കുകയാണ്. ചിമ്മിനി ഡാം ഇക്കോ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിലോ മലയോര മേഖലയിലെ വന്യമൃഗ ആക്രമണം തടയുന്നതിലോ കാര്യക്ഷമമായ ഇടപെടലുകളില്ല. കൂടാതെ, കല്ലൂർ മുട്ടിത്തടി കേന്ദ്രീകരിച്ച് നടക്കുന്ന മണ്ണ് മാഫിയയുടെ രാത്രി കൊള്ള നാടിന്റെ ആവാസവ്യവസ്ഥയെത്തന്നെ തകർക്കുന്നു.

കേരളം നേരിടുന്ന യഥാർത്ഥ വെല്ലുവിളികൾ:
മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും പരസ്പരമുള്ള വിഴുപ്പലക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ കേരളത്തിലെ സാധാരണക്കാരൻ താഴെ പറയുന്ന പ്രശ്നങ്ങളാൽ പൊറുതിമുട്ടുകയാണ്:

1.സാമ്പത്തിക ഭാരം:
ഇന്ധന സെസ്സ്, നികുതി വർദ്ധനവ്, വൈദ്യുതി ചാർജ് വർദ്ധനവ് എന്നിവ കുടുംബ ബജറ്റുകളെ തകർക്കുന്നു. വിലക്കയറ്റം അടുക്കളകളെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു.

2. ലഹരി വ്യാപനം:
സിന്തറ്റിക് ലഹരിയുടെ കരാളഹസ്തങ്ങൾ കേരളത്തിന്റെ യുവത്വത്തെ കാർന്നുതിന്നുന്നു. അരക്കിലോ MDMA പിടികൂടുന്നതും ലഹരിക്കായി വീടിന് തീയിടുന്നതുമായ വാർത്തകൾ ആശങ്കാജനകമാണ്.

3. തകരുന്ന ആരോഗ്യരംഗം: സർക്കാർ ആശുപത്രികളിൽ മതിയായ ചികിത്സ ലഭിക്കാതെ സാധാരണക്കാർ മരണത്തിന് കീഴടങ്ങുന്നു. സ്വകാര്യ ആശുപത്രികൾ സാധാരണക്കാരെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന സാഹചര്യമാണുള്ളത്.

4.നീതി നിഷേധം:
പോലീസ് സ്റ്റേഷൻ മുതൽ മറ്റ് സർക്കാർ സ്ഥാപനങ്ങൾ വരെ പ്രമുഖർക്ക് മാത്രം പ്രാമുഖ്യം നൽകുന്നു. സാധാരണക്കാരായ പൗരന്മാർക്ക് അർഹമായ നീതി ലഭിക്കുന്നില്ല. കസ്റ്റഡി മരണങ്ങളും അനാവശ്യ ബലപ്രയോഗങ്ങളും പോലീസ് സേനയുടെ വിശ്വാസ്യതയെ ബാധിക്കുന്നു.

5.തൊഴിലില്ലായ്മ:
പി.എസ്.സി നിയമന വിവാദങ്ങളും റാങ്ക് ലിസ്റ്റുകളുടെ കാലഹരണപ്പെടലും മൂലം യുവജനങ്ങൾ അന്യനാടുകളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരാകുന്നു.

നമുക്ക് വേണ്ടത് എങ്ങനെയുള്ള ഭരണാധികാരികളേയാണ്? :
മലയാളികളെ വെറും സൗജന്യ ഗുണഭോക്താക്കൾ ആയി മാത്രം കാണുന്ന രാഷ്ട്രീയ സംസ്കാരം മാറണം.

ലോട്ടറിയെയും മദ്യത്തെയും ആശ്രയിക്കാത്ത വരുമാന മാർഗ്ഗങ്ങളും പുതിയ തൊഴിൽ സംരംഭങ്ങളുമാണ് നമുക്ക് വേണ്ടത്. പണമുള്ളവന്റെ മുന്നിൽ കൈകൂപ്പി നിൽക്കുന്ന പൗരനെയല്ല സ്വന്തം അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന നീതി ബോധമുള്ള പൗരസമൂഹത്തെയാണ് വർത്തമാനകാലം ആവശ്യപ്പെടുന്നത്.

അഴിമതിയില്ലാത്ത, സാധാരണക്കാരന്റെ കണ്ണുനീർ കാണാൻ കഴിയുന്ന മനുഷ്യത്വമുള്ള സ്ഥാനാർത്ഥികൾക്കായിരിക്കണം നമ്മുടെ വോട്ട്.

രാഷ്ട്രീയ തിമിരം ബാധിക്കാതെ വരും തലമുറയുടെ ഭാവിയെ കരുതി കൃത്യമായ വിശകലനത്തിലൂടെ ഈ ഏപ്രിൽ ഒമ്പതിന് നിങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കുക.
നമുക്ക് വേണ്ടത് രാഷ്ട്രീയ മാറ്റത്തെക്കാൾ ഉപരി നിലപാടുകളിലെ മാറ്റമാണ്… നമുക്ക് വേണ്ടത് നീതിയാണ്!
നമുക്ക് വേണ്ടത് സംരക്ഷണമാണ്.
നമ്മുക്ക് വേണ്ടത് തുല്യമായ പരിഗണനയാണ്.

എന്ന് :

JohnsonPulluthi
Chairman
Humanistic Rights Protection Movement (HRPM)
Pulikkan Tower, Puthukkad P O Thrissur Kerala 680301
hrpmtcr@gmail.com
hrpmker@gmail.com
https://hrpm.in/
Mob : +919037713790

Leave a Reply

Your email address will not be published. Required fields are marked *