രാജ്യങ്ങൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ യുദ്ധസമാനമായ സാഹചര്യങ്ങളിലേക്ക് നീങ്ങുമ്പോൾ, അതിന്റെ ഏറ്റവും വലിയ വില നൽകുന്നത് നിരപരാധികളായ സാധാരണ ജനങ്ങളാണ്.
കൊച്ചുകുട്ടികളും സ്ത്രീകളും മറ്റു സാധാരണ പൗരന്മാരും കൊല്ലപ്പെടുന്നതിന് കാരണമാകുന്നവർ ആരാണെങ്കിലും, ഏത് രാജ്യം നടത്തിയാലും ഒരിക്കലും ന്യായീകരിക്കാനാവാത്തതാണ്.
ഇത്തരം പ്രവൃത്തികൾ വ്യക്തമായി മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. മനുഷ്യന്റെ ജീവനും സുരക്ഷയും സംരക്ഷിക്കുക എന്നതാണ് ഏത് ഭരണകൂടത്തിന്റെയും അടിസ്ഥാന ഉത്തരവാദിത്വം. അതിനെ കാത്തുസൂക്ഷിക്കേണ്ട രാഷ്ട്രതലവന്മാരും ഭരണാധികാരികളും തന്നെ ആക്രമണപരമായ തീരുമാനങ്ങളിലേക്ക് നീങ്ങുന്നത് ലോക സമാധാനത്തിന് ഭീഷണിയും ഭാവി തലമുറകൾക്ക് അപകടകരവുമായ സാഹചര്യവും സൃഷ്ടിക്കുന്നു.
സംഘർഷങ്ങൾക്കും യുദ്ധത്തിനും പകരം സംവാദവും നയതന്ത്രപരമായ ഇടപെടലുകളും ആയിരിക്കണം മനുഷ്യകുലത്തിന്റെ മാർഗം. ലോക സമൂഹം മനുഷ്യാവകാശങ്ങളെ പരിരക്ഷിക്കുന്ന നിലപാടിലേക്ക് ഒന്നിച്ച് മുന്നോട്ട് വരേണ്ടത് ഈ കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്.
മനുഷ്യജീവൻ രാഷ്ട്രീയ താൽപര്യങ്ങൾക്ക് ബലിയാകരുത് — അതാണ് നമ്മുടെ ഉറച്ച നിലപാട്.
പശ്ചിമേഷ്യയിൽ നിലവിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെക്കുറിച്ച് HRPM സംഘടന അതീവ ഗൗരവത്തോടെയാണ് ശ്രദ്ധ പുലർത്തുന്നത്. പ്രത്യേകിച്ച് ഇറാനും ,ഇസ്രായേലും ഉൾപ്പെടെയുള്ള രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും പ്രദേശത്തെ സമാധാനവും ആഗോള സ്ഥിരതയും ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് മുന്നേറുന്നത്.
ഈ സാഹചര്യത്തിൽ HRPM ചൂണ്ടിക്കാണിക്കുന്നത് താഴെപ്പറയുന്ന പ്രധാന വിഷയങ്ങളാണ്:
ആഗോള സാമ്പത്തിക പ്രത്യാഘാതം:
ഗൾഫ് മേഖല ലോകത്തിലെ പ്രധാന എണ്ണ-വാതക ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നാണ്. ഇവിടെ യുദ്ധ സാഹചര്യങ്ങൾ ശക്തമാകുന്നത് എണ്ണവില വർധനക്കും ആഗോള വിലക്കയറ്റത്തിനും കാരണമായേക്കാം.
ഇത് വികസനോന്മുഖ രാജ്യങ്ങൾ ഉൾപ്പെടെ ലോക സാമ്പത്തിക വ്യവസ്ഥയെ ബാധിക്കും.
ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികൾ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നു. അവരുടെ ജീവനും തൊഴിലും സുരക്ഷിതമാക്കുന്നതിനായി ഇന്ത്യൻ സർക്കാർ അടിയന്തര നയതന്ത്ര ഇടപെടലുകൾ ശക്തിപ്പെടുത്തണം.
സാധാരണ ജനങ്ങൾ, സ്ത്രീകൾ, കുട്ടികൾ എന്നിവരാണ് യുദ്ധത്തിന്റെ ആദ്യ ഇരകൾ. അടിസ്ഥാന സൗകര്യങ്ങൾ തകരുകയും അഭയാർത്ഥി പ്രശ്നങ്ങൾ ഉയരുകയും ചെയ്യുന്നത് ആഗോള മനുഷ്യാവകാശ പ്രതിസന്ധിയിലേക്ക് നയിക്കുന്നു.
ശക്തരായ രാജ്യങ്ങളുടെ ഇടപെടൽ ഈ സംഘർഷത്തെ പ്രാദേശിക പരിധി കടന്ന് ആഗോള തലത്തിലേക്ക് വ്യാപിപ്പിക്കാൻ ഇടയാക്കാം. ഇത് ലോക സമാധാനത്തിന് ദീർഘകാല ഭീഷണിയാകും.
യുദ്ധം ഒരിക്കലും സ്ഥിരപരിഹാരമല്ല. സംവാദം, നയതന്ത്രം, അന്താരാഷ്ട്ര മധ്യസ്ഥത എന്നിവയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടണം. എല്ലാ രാജ്യങ്ങളും സംയമനം പാലിക്കുകയും, സാധാരണ ജനങ്ങളുടെ സുരക്ഷയെ മുൻഗണന നൽകുകയും ചെയ്യണമെന്ന് HRPM ആഹ്വാനം ചെയ്യുന്നു.
സമാധാനവും മനുഷ്യാവകാശ സംരക്ഷണവും തന്നെയാണ് നമ്മുടെ പ്രാഥമിക അഭിലാഷം.
Humanistic Rights Protection Movement (HRPM) വേണ്ടി
ചെയർമാൻ ജോൺസൻ
പുല്ലുത്തി. +919037713790
