സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ടുണ്ടായ
സംഭവവികാസങ്ങളുടെ
യാഥാർത്ഥ്യം മനസ്സിലാക്കാൻ കഴിയാത്തതിൽ പൊതുജനങ്ങൾ ആശങ്കയിലാണെന്ന്
Humanistic Rights Protection Movement (HRPM) Chairman
Johnson Pulluthi
കേരളത്തിലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വിവാദങ്ങൾ ഇന്ന് ഒരു രാഷ്ട്രീയ ചർച്ചയെന്നതിലുപരി ഒരു സാധാരണ പൗരന്റെ മനസ്സിലെ വേദനയായി മാറിയിരിക്കുകയാണ്.
കൈകാര്യം ചെയ്യുന്ന ആരോഗ്യവകുപ്പ് സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങൾ ശരിയോ തെറ്റോ എന്ന് വിധിയെഴുതുക കോടതി സംവിധാനത്തിന്റെയും അന്വേഷണ ഏജൻസികളുടെയും ബാധ്യതയാണ്.
എന്നാൽ ജനാധിപത്യത്തിൽ ജീവിക്കുന്ന ഒരു പൗരനായ എന്നെ പോലുള്ളവർക്ക് തലതാഴ്ത്തേണ്ട സാഹചര്യം രൂപപ്പെടുന്നത് തന്നെ ഏറെ വേദനാജനകമാണ്.
പൊതുജനങ്ങളുടെ വിശ്വാസമാണ് ജനാധിപത്യത്തിന്റെ അടിത്തറ .
ആ വിശ്വാസം ഒരിക്കൽ ആടി ഉലയാൻ തുടങ്ങുകയാണെങ്കിൽ, അതിന്റെ പ്രതിഫലം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിക്കും.
അതിനാൽ സത്യങ്ങൾ നിർഭയമായും നിഷ്പക്ഷമായും പുറത്തുകൊണ്ടുവരുന്നത് ഭരണകൂടത്തിന്റെ കടമയാണ്.
സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം നടക്കണം. ആരോപണങ്ങൾ ശരിയാണെന്ന് തെളിയുകയാണെങ്കിൽ നിയമത്തിന് മുന്നിൽ എല്ലാവരും സമം എന്ന തത്വം പ്രയോഗത്തിൽ വരുത്തി ശക്തമായ നിയമനടപടികൾ സ്വീകരിക്കണം.
മറിച്ച് ആരോപണങ്ങൾ അസത്യമാണ് എന്ന് തെളിയുകയാണെങ്കിൽ, തെറ്റായ പ്രചരണങ്ങൾ നടത്തിയവർക്കെതിരെ നടപടി എടുക്കുകയും പൊതുപ്രവർത്തകരുടെ മാന്യത സംരക്ഷിക്കപ്പെടുകയും വേണം.
എന്നാൽ വിഷയത്തിന്റെ മറ്റൊരു വശം അതിലും ഗുരുതരമാണ്. കേരള സംസ്ഥാന ആരോഗ്യവകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ചില സർക്കാർ ആശുപത്രികളിൽ സാധാരണക്കാരായ ജനങ്ങൾ നേരിടുന്ന ദുരനുഭവങ്ങൾ ഒരു സാമൂഹിക യാഥാർത്ഥ്യമായി മാറിക്കൊണ്ടിരിക്കുകയാണ്.
സേവനം ലഭിക്കേണ്ട രോഗികൾ അനാവശ്യ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നു എന്ന പരാതികൾ വ്യാപകമാണ്.
അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു, നടപടിക്രമങ്ങൾ ലംഘിക്കപ്പെടുന്നു എന്നാരോപണങ്ങൾ ഉയരുന്നു. ഇതിന്റെ ആഘാതം ഏറ്റുവാങ്ങുന്നത് സമൂഹത്തിലെ ഏറ്റവും ദരിദ്രരും നിരാശ്രയരുമായ ആളുകളാണ്.
ഇതിനൊപ്പം, സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ആശുപത്രികൾക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കപ്പെടുന്നുവോ എന്ന സംശയവും സമൂഹത്തിൽ ഉയരുന്നുണ്ട്.
സർക്കാർ സംവിധാനങ്ങൾ ദുർബലമാകുമ്പോൾ അതിന്റെ പ്രയോജനം ലഭിക്കുന്നത് ഏതു വിഭാഗത്തിൽ പെടുന്നവർക്കാണ്
എന്ന ചോദ്യവും സ്വാഭാവികമാണ്.
ഇത് ആരെയെങ്കിലും കുറ്റപ്പെടുത്താനല്ല മറിച്ച് നമുക്ക് മുന്നിലുള്ള ചില യാഥാർത്ഥ്യങ്ങൾ തുറന്നുപറയാനാണ്.
സർക്കാർ ഡോക്ടർമാരും ജീവനക്കാരും ഭരണപക്ഷത്തുള്ള സർവീസ് സംഘടനകളുടെ സംഘടനാ ബലത്തിൽ മുന്നേറുമ്പോൾ
സാധാരണ രോഗികൾക്ക് നീതി ലഭിക്കാതെ പോകുന്നുവോ എന്ന ആശങ്കയും നിലനിൽക്കുന്നു. ആരോഗ്യരംഗം ഒരു സേവനമേഖലയാണ് അധികാരത്തിന്റെ പ്രകടനവേദിയല്ല.
രോഗിയുടെ വേദനയും ജീവനുമാണ് ഇവിടെ പ്രധാനം രാഷ്ട്രീയവും സംഘടനാപ്രഭാവവും അല്ല.
ഞാൻ ആരെയും വ്യക്തിപരമായി കുറ്റപ്പെടുത്തുന്നില്ല. എന്നാൽ ഒരു പൗരൻ എന്ന നിലയിലുള്ള ആശങ്ക രേഖപ്പെടുത്തുകയാണ്. തിരുത്തേണ്ടത് തിരുത്തപ്പെടണം. ശരിയാക്കേണ്ടത് ശരിയാക്കപ്പെടണം. കാരണം സത്യമാണ് സമൂഹത്തെ മുന്നോട്ട് നയിക്കേണ്ടത്.
രാഷ്ട്രീയഭേദമന്യേ നീതിയും ഉത്തരവാദിത്തവും ഉറപ്പാക്കുന്ന നടപടികളാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുക.
ഇന്ന് ആവശ്യമായത് പരസ്പര കുറ്റാരോപണങ്ങളല്ല മറിച്ച് വിശ്വാസം വീണ്ടെടുക്കാനുള്ള ധൈര്യമാണ്. ജനങ്ങളുടെ കണ്ണീരിൽ നിന്നാണ് ഭരണകൂടത്തിന്റെ ഉത്തരവാദിത്തം തുടങ്ങുന്നത്.
ആ കണ്ണീർ തുടയ്ക്കാൻ കഴിയുന്ന തീരുമാനങ്ങളാണ് ഒരു സർക്കാരിനെ മഹത്താക്കുന്നത്. സത്യം തെളിയട്ടെ, നീതി നടപ്പാകട്ടെ അതാണ് ഒരു സാധാരണ പൗരന്റെ പ്രാർത്ഥന എന്ന് ഞാൻ മനസ്സിലാക്കുന്നു .
