ഒരു സമൂഹത്തിന്റെ പുരോഗതിയുടെയും നീതിയുടെയും ഭാഗമായി പൊതുപ്രസ്ഥാനങ്ങൾ (Social Movements) വളർന്നു വരുന്നു. സാധാരണക്കാരുടെ പ്രശ്നങ്ങൾ ഉയർത്തിപ്പിടിക്കുകയും, സമൂഹത്തിൽ നടക്കുന്ന അനീതികൾക്ക് എതിരെ ശബ്ദമുയർത്തുകയും ചെയ്യുന്ന ശക്തിയാണ് ഇത്തരം പ്രസ്ഥാനങ്ങൾ.
എന്നാൽ ചരിത്രം നമ്മളോട് പറയുന്നത്: പല മഹത്തായ പ്രസ്ഥാനങ്ങളും കാലക്രമത്തിൽ തകർച്ച നേരിട്ടുവെന്ന സത്യമാണ്. എന്താണ് ഇതിന് പിന്നിലെ പ്രധാനകാരണങ്ങൾ? നമ്മൾക്ക് നോക്കാം ………….
1. ആഭ്യന്തര കലഹങ്ങൾ
ഏതൊരു പ്രസ്ഥാനത്തിനും നിലനിൽപ്പിനായി ഏകമനസ്സും സഹകരണവും ബഹുമാനവും അനിവാര്യമാണ്. പക്ഷേ നേതാക്കളിൽ തമ്മിലുള്ള അധികാരപ്പോര്, അഹങ്കാരം, ഗ്രൂപ്പിസം എന്നിവ കലഹങ്ങൾക്ക് വഴി തുറക്കുമ്പോൾ പ്രസ്ഥാനം ദുർബലമാകുന്നു.
2. നേതാക്കളിലും അംഗങ്ങളിലും ഉണ്ടാകുന്ന സ്വാർത്ഥലാഭത്തിന്റെ അധിനിവേശം:
ജനങ്ങളുടെ പ്രശ്നങ്ങൾക്ക് അപ്പുറം നേതാക്കൾ സ്വന്തം വ്യക്തിപരമായ നേട്ടങ്ങൾ മാത്രം മുൻനിർത്തുമ്പോൾ പ്രസ്ഥാനം തന്റെ അടിസ്ഥാന ധാർമ്മികത നഷ്ടപ്പെടുത്തുന്നു. അഴിമതി, സാമ്പത്തിക ദുരുപയോഗം, സ്ഥാനദുരുപയോഗം തുടങ്ങിയവ ജനവിശ്വാസത്തെ തകർക്കുന്നു.
3. ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെടൽ
ജനങ്ങളുടെ ജീവിതവുമായി ചേർന്ന് പ്രവർത്തിക്കാതെ പ്രചാരണം മാത്രമായി മാറുന്ന പ്രസ്ഥാനങ്ങൾക്ക് ജനപിന്തുണ നഷ്ടപ്പെടും. സാധാരണക്കാരുടെ ശബ്ദം കേൾക്കാതെ, അവരുടെ യഥാർത്ഥ പ്രശ്നങ്ങൾ അവഗണിക്കുമ്പോൾ ജനവിശ്വാസം സ്വാഭാവികമായി ഇടിഞ്ഞു പോകുന്നത്
സ്വാഭാവികമായി സംഭവിക്കുന്നതാണ്.
4. ആശയക്കുറവും ദിശാബോധവും,വ്യക്തമായ നയം ഇല്ലാതെ പോകുന്നതും :
ഒരു പ്രസ്ഥാനം വളരാൻ വ്യക്തമായ ആശയവും ദീർഘകാല ദർശനവും അനിവാര്യമാണ്. തുടക്കത്തിൽ ഉണ്ടായിരുന്ന ഉയർന്ന ലക്ഷ്യങ്ങൾ മറന്ന് അല്ലെങ്കിൽ
ബോധപൂർവ്വം മാറ്റിവെച്ച് പോകുമ്പോൾ അത് വെറും പേരിൽ ഒതുങ്ങുന്ന സംഘടനയായി മാത്രമേ നിലനിൽക്കുകയുള്ളു .
5. വ്യാജനേതൃത്വം
പ്രസ്ഥാനത്തിന്റെ പേരിൽ പ്രവർത്തിക്കുന്നതുപോലെ നടിക്കുന്ന പൊതു നേതാക്കൾ സംഘടനക്ക് ഉള്ളിൽ അധികം വന്നാൽ അത് തകർച്ചയിലേക്കുള്ള വാതിൽ തുറക്കുന്നു. മനുഷ്യാവകാശം, സാമൂഹ്യനീതി തുടങ്ങിയ പേരുകൾ ഉപയോഗിച്ച് വ്യക്തിപരമായ സ്വാധീനം നേടാനുള്ള നേതാക്കളുടെ ശ്രമങ്ങൾ ജനങ്ങൾക്ക് തിരിച്ചറിയാൻ അധികകാലം വേണ്ടിവരാറില്ല.
6. പുറമേയുള്ള സമ്മർദ്ദങ്ങൾ;
പലപ്പോഴും സർക്കാരുകളൊ, രാഷ്ട്രീയ ശക്തികളോ, മറ്റു പ്രസ്ഥാനങ്ങളൊ,
തോളിൽ കയ്യിട്ടുനിന്നവരോ,
അടിച്ചമർത്താൻ ശ്രമിക്കും.
മാധ്യമങ്ങളിലൂടെ വിരുദ്ധശക്തികൾ എന്ന് ചിത്രീകരിക്കപ്പെടുമ്പോൾ ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാകും നേരിന്റെ പക്ഷം മുറുകെ പിടിക്കുന്നവർക്ക് മാത്രമേ ഇത്തരം ഘട്ടങ്ങളിൽ പ്രതിരോധിക്കാൻ കഴിയൂ.
7. പുതിയ തലമുറയുടെ അഭാവം :
യുവാക്കൾക്ക് അവസരം കൊടുക്കാതെ, പുതുമകൾ സ്വീകരിക്കാതെ പഴയ രീതികളിൽ ഒതുങ്ങി നിൽക്കുന്ന പ്രസ്ഥാനങ്ങളും
അതിലെ നേതാക്കളും കാലഹരണപ്പെട്ടുപോകും. തുടർച്ചയായി യുവജനങ്ങളെയും മറ്റുള്ളവരേയും ഉൾപ്പെടുത്താതെ ഒരു പ്രസ്ഥാനവും ദീർഘകാലം നിലനിൽക്കുകയില്ല.
8. ജനവിശ്വാസം നഷ്ടപ്പെടൽ:
ഏറ്റവും പ്രധാനപ്പെട്ട കാരണമാണ് ജനവിശ്വാസം നഷ്ടപ്പെടുന്നത്. വാഗ്ദാനങ്ങൾ പാലിക്കാതെ പോകുക, നേതാക്കളുടെ ജീവിതത്തിലെ വൈരുദ്ധ്യങ്ങൾ പുറത്ത് വരിക, പ്രസ്ഥാനത്തിന്റെ പേരിൽ നടക്കുന്ന അഴിമതികൾ ഇതൊക്കെ ഒടുവിൽ തകർച്ചയിലേക്ക് നയിക്കും.
ഒരു പൊതുപ്രസ്ഥാനത്തിന്റെ നിലനിൽപ്പ് നേതാക്കളുടെ സത്യസന്ധത, ജനങ്ങളോടുള്ള ആത്മബന്ധം, വ്യക്തമായ ദർശനം, പുതുമ സ്വീകരിക്കുന്ന മനോഭാവം എന്നിവയിൽ ആശ്രയിച്ചിരിക്കുന്നു. ഇവ നഷ്ടപ്പെട്ടാൽ, എത്ര മഹത്തായ പ്രസ്ഥാനമായാലും അതിന്റെ യാത്ര ഒടുവിൽ അസ്തമയത്തിലേക്ക് തന്നെ മാറും എന്നതിൽ ലവലേശം പോലും സംശയം ഇല്ല .
ജോൺസൻ പുല്ലുത്തി
ചെയർമാൻ
HRPM